'എനിക്ക് സംശയമുണ്ടായിരുന്നു'; ഇന്ദു റെബേക്ക വര്‍ഗീസായി വേഷമിടുന്നതിനെ കുറിച്ച് സായ് പല്ലവി

ഇന്ദുവായി അഭിനയിക്കുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സായ് പല്ലവി
'എനിക്ക് സംശയമുണ്ടായിരുന്നു'; ഇന്ദു റെബേക്ക വര്‍ഗീസായി വേഷമിടുന്നതിനെ കുറിച്ച് സായ് പല്ലവി
Published on
Updated on


കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'അമരന്‍'. ചിത്രത്തില്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസിന്റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഇന്ദുവായി അഭിനയിക്കുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സായ് പല്ലവി.

'ഞാന്‍ ഇന്ദുവിനെ കണ്ടപ്പോള്‍ എനിക്ക് ഏറെ കണ്‍ഫ്യൂഷന്‍ ആയി. കാരണം ഞാന്‍ ഇതിന് മുമ്പ് ഒരു ബയോപിക് ചെയ്തിട്ടില്ല. അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായി അഭിനയിച്ചിട്ടില്ല. എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ എനിക്ക് ആദ്യം കിട്ടിയ ഉപദേശം അവളെ അനുകരിക്കരുത് എന്നായിരുന്നു. ഇന്ദുവിനെ കുറിച്ച് മനസിലാക്കി എന്റെ രീതിയില്‍ അവളെ അവതരിപ്പിക്കുക എന്നതായിരുന്നു. അതാണ് ചെയ്തിരിക്കുന്നത്. ഇന്ദുവുമായി സംസാരിച്ചപ്പോള്‍ അത് ആദ്യ പ്രണയം പോലെ ഉണ്ടായിരുന്നു. അത് വളരെ പ്യുവര്‍ ആയിരുന്നു. അവള്‍ ഇപ്പോഴും ആ കാലഘട്ടത്തിലാണ്. അതാണ് എനിക്ക് ഇന്ദുവുമായി സംസാരിച്ചപ്പോള്‍ മനസിലായത്', എന്നാണ് സായ് പല്ലവി പറഞ്ഞത്. 

കഴിഞ്ഞ ദിവസം ചിത്രത്തിലെ സായ് പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. മേജര്‍ മുകുന്ദിന്റെ സേവനത്തെ പ്രകീര്‍ത്തിച്ച് 2015 ജനുവരി 26 -ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം സമ്മാനിച്ച അശോക ചക്ര ഇന്ദു ഏറ്റുവാങ്ങുന്ന രംഗം ടീസറില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് കണ്ട് മുട്ടിയ ഇരുവരുടെയും സൗഹൃദവും പ്രണയവും വിവാഹവും തുടര്‍ന്നുള്ള ജീവിതവുമാണ് ടീസറില്‍ പറഞ്ഞുപോകുന്നത്.

രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 31ന് റിലീസ് ചെയ്യും. ജി.വി. പ്രകാശ് കുമാറാണ് അമരന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിഎച്ച് സായ് ഛായാഗ്രഹണവും ആര്‍. കലൈവണ്ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

News Malayalam 24x7
newsmalayalam.com