സിനിമാ കോൺക്ലേവിലെ വിവാദ പരാമർശങ്ങളിൽ അടൂർ ഗോപാലകൃഷ്ണനും ശ്രീകുമാരൻ തമ്പിക്കും മറുപടിയുമായി മന്ത്രി സജി ചെറിയാൻ. സ്ത്രീകൾക്കും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കും നൽകുന്ന സിനിമാ ഫണ്ടിൽ ഒന്നരക്കോടി പോലും ഒന്നുമാകില്ലെന്ന് മന്ത്രി പ്രതികരിച്ചു. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് സിനിമയിലേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും പൂർണമായും എത്തിയിട്ടില്ല. സ്‌ക്രീനിംഗ് കമ്മിറ്റി ചേർന്ന് കഴിവ് ഉള്ളവർക്കാണ് പണം നൽകുന്നത്. പണം നൽകി ഇറങ്ങിയ സിനിമകൾ എല്ലാം അതിഗംഭീര സിനിമകൾ ആണെന്നും അടൂരിൻ്റെ പരാമർശത്തിൽ മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് സമാപനവേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പണം നൽകുന്നത് മുഖ്യധാരയിലേക്ക് എത്തിക്കാനാണ്. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമ നിർമിക്കാൻ പണം നൽകും. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് പണം നൽകുന്നത്. പട്ടികജാതി / പട്ടിക വർഗങ്ങൾക്ക് 98 വർഷം ആയിട്ടും സിനിമയുടെ മുഖ്യധാരയിൽ എത്താൻ കഴിഞ്ഞിട്ടില്ല. അവർക്ക് സഹായം നൽകും. സ്ത്രീകൾക്കും അതേ പരിഗണന നൽകും. സിനിമകൾക്ക് പണം നൽകുന്നത് തെറ്റായി താൻ കാണുന്നില്ല. കൂടുതൽ പണം നൽകുമ്പോൾ ലാഭം ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
ഹേമാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ശ്രീകുമാരൻ തമ്പിയുടെ പരാമർശത്തിലും മന്ത്രി പ്രതികരിച്ചു. ഹേമ കമ്മിറ്റി എവിടെ പോയി ശ്രീകുമാരൻ തമ്പി ചോദിച്ചു. അത് പോകാത്തതുകൊണ്ടാണ് ഈ പരിപാടി ഇവിടെ നടന്നത്. സിനിമയിൽ ജോലി ചെയ്യുന്നവർക്ക് പൂർണ സംരക്ഷണം നൽകിയാകും സിനിമാ നയം രൂപീകരിക്കുകയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെയാണ് അടൂർ ഗോപാലകൃഷ്ണൻ്റെ വിവാദപരാമർശം. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചു.
ഹേമ കമ്മിറ്റിയ്ക്ക് അവസാനം എന്ത് സംഭവിച്ചുവെന്നാണ് ശ്രീകുമാരൻ തമ്പി ചോദിച്ചത്. പരാതി പറഞ്ഞവർ തന്നെ പരാതി പിൻവലിച്ചു. കമ്മിറ്റിയ്ക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.