
മുംബൈ: ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ ഖാന്റെ ആരാധകർ ഏറെ പ്രതീക്ഷ വച്ചിരുന്ന ചിത്രമായിരുന്നു എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത 'സിക്കന്ദർ'. എന്നാല്‍, ചിത്രം ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടു. താരത്തിന്റെ ഏറ്റവും ദുർബലമായ ചിത്രമായാണ് ആരാധകരും നിരൂപകരും ഈ സിനിമയെ വിലയിരുത്തിയത്. ആ ചിത്രത്തില്‍ അഭിനയിച്ചതില്‍ സല്‍മാന് ഖേദമില്ലെങ്കിലും സിനിമ റിലീസായതിന് പിന്നാലെ 'സിക്കന്ദർ' സംവിധായകന്‍ എ.ആർ. മുരുഗദോസ് നടത്തിയ ചില പ്രസ്താവനകളില്‍ നടന്‍ അതൃപ്തനാണ്. ഹിന്ദി ബിഗ് ബോസ് അവതാരകന്‍ കൂടിയായ നടന്‍ ഷോയില്‍ നടത്തിയ ചില പരാമർശങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
ബിഗ് ബോസ് 19 വാരാന്ത്യ എപ്പിസോഡിലായിരുന്നു എ.ആർ. മുരുഗദോസിനെ സല്‍മാന്‍ ഖാന്‍ വിമർശിച്ചത്. താന്‍ സിനിമാ സെറ്റില്‍ വൈകി എത്തുന്നതിനെപ്പറ്റി മുരുഗദോസ് നടത്തിയ പ്രസ്താവനകളെ നടന്‍ പരിഹസിച്ചു.
കൊമേഡിയന്‍ രവി ഗുപ്തയായിരുന്നു ബിഗ് ബോസ് 19 വീക്കന്‍ഡ് എപ്പിസോഡിലെ ഒരു അതിഥി. അഭിനയിച്ചതില്‍ ഖേദം തോന്നുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് രവി അവതാരകനായ സല്‍മാനോട് ചോദിച്ചു. 1992ല്‍ ഇറങ്ങിയ 'സൂര്യവംശി', 'നിശ്ചയ്' എന്നീ സിനിമകളുടെ പേരാണ് താരം പറഞ്ഞത്. എന്നാല്‍ രവി വിട്ടില്ല. സമീപകാലത്ത് ഇറങ്ങിയ ഏതെങ്കിലും സിനിമയെപ്പറ്റി അങ്ങനെ തോന്നുന്നുണ്ടോ എന്നായി തുടർചോദ്യം. എന്നാല്‍ അടുത്തിറങ്ങിയ ചിത്രങ്ങളില്‍ താന്‍ തൃപ്തനാണെന്നും 'സിക്കന്ദറി'നെപ്പറ്റി അങ്ങനെ ചിലർ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ആ സിനിമയുടെ കഥ നല്ലതായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഇതിനുപിന്നാലെയായിരുന്നു എ.ആർ. മുരുഗദോസിനെപ്പറ്റിയുള്ള പരാമർശം. "ഞാന്‍ സെറ്റില്‍ എത്തിയിരുന്നത് രാത്രിഒന്‍പത് മണിക്കാണ്. ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് സംവിധായകന്‍ പറഞ്ഞത്. പക്ഷേ എന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു എന്നതാണ് വസ്തുത. അടുത്തിടെ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. ആ സിനിമയിലെ നടന്‍ ആറ് മണിയോടെ സെറ്റിലെത്തുമായിരുന്നു. സിനിമ സിക്കന്ദറിനെക്കാള്‍ വലുതും ബോക്സ്ഓഫീസ് വിജയവുമായിരുന്നു," പരിഹാസരൂപേണ സല്‍മാന്‍ പറഞ്ഞു. 'സിക്കന്ദറി'ന് ശേഷം റിലീസ് ആ ശിവകാർത്തികേയന്‍- മുരുഗദോസ് ചിത്രം 'മദ്രാസി'യും ബോക്സ്ഓഫീസല്‍ പരാജയമായിരുന്നു. 'സിക്കന്ദറി'ന്റെ നിർമാതാവ് സാജിദ് നദിയാദ്‌വാലയും മുരുഗദോസും വിമർശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും സല്‍മാന്‍ വിമർശിച്ചു.
'വളൈപേച്ച് വോയിസ്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരുഗദോസ് നടത്തിയ പരാമർശത്തെ മുന്‍നിർത്തിയായിരുന്നു സല്‍മാന്റെ മറുപടി. താരങ്ങളുമായി ചേർന്ന് സിനിമ എടുക്കാന്‍ എളുപ്പമല്ല. സല്‍മാന്‍ രാത്രി എട്ട് മണിയോടെയാണ് സെറ്റിലെത്തുക. അതിനാല്‍, ഷൂട്ടിങ് രാത്രികളില്‍ നടത്തേണ്ടിവന്നുവെന്നും ഇത് മറ്റ് അഭിനേതാക്കളെ ബാധിച്ചുവെന്നുമായിരുന്നു മുരുഗദോസിന്റെ പരാമർശം.