"സായ്‌ പല്ലവിയെയാണ് ഈ റോളിലേക്ക് ആദ്യം ആലോചിച്ചിരുന്നത്"; വെളിപ്പെടുത്തി സമാന്ത

സമാന്ത വേറിട്ട വേഷത്തിൽ എത്തുന്ന ചിത്രം ജൂൺ 19നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്
സായ് പല്ലവി, സമാന്ത
സായ് പല്ലവി, സമാന്ത
Published on
Updated on

ഹൈദരാബാദ്: സമാന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ ഇൻടി ബംഗാരം'. ജൂൺ 19നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. 'സിറ്റാഡൽ: ഹണ്ണി ബണ്ണി', 'ദ ഫാമിലി മാൻ സീസൺ 2' എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകും സിനിമയിലേത് എന്നാണ് സൂചന. എന്നാൽ ഇപ്പോഴിതാ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സമൂഹമാധ്യമത്തിലൂടെ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ.

'മാ ഇൻടി ബംഗാരം' സിനിമയിലെ നായികാ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സായ് പല്ലവിയെയാണെന്നാണ് സമാന്ത പറയുന്നത്. "ഞാൻ ഈ ചിത്രം തിരഞ്ഞെടുത്തതല്ല. ഈ സിനിമ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഒരു സ്ത്രീ കേന്ദ്രീകൃത കഥ എന്ന ആശയമായിരുന്നു ട്രലാലയ്ക്കുണ്ടായിരുന്നത്. സായ് പല്ലവിയോട് ഈ കഥ പറയാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. എന്നാൽ അവർ മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു. ഇതിനുള്ള സമയം അവർക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് അണിയറപ്രവർത്തകർ എനിക്ക് അനുയോജ്യമായ രീതിയിൽ ഈ കഥയിൽ ചില മാറ്റങ്ങൾ വരുത്തുകയായിരുന്നു," സാമന്ത പറഞ്ഞു. ഭാവിയിൽ കൂടുതൽ നടിമാർ സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സായ്‌യും ഇത്തരം ഒരു പ്രൊജ്ടിന്റെ ഭാഗമാകട്ടേയെന്നും നടി കൂട്ടിച്ചേർത്തു.

സായ് പല്ലവി, സമാന്ത
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ആഗോള റിലീസ് ജൂൺ 19ന്
സായ് പല്ലവി പങ്കുവച്ച സമാന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
സായ് പല്ലവി പങ്കുവച്ച സമാന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

സമാന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച സായ് പല്ലവി സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേർന്നു. "പ്രിയപ്പെട്ട സാമന്ത, 'മാ ഇൻടി ബംഗാരം' നിങ്ങളിലേക്ക് തന്നെ എത്തിച്ചേരേണ്ടതായിരുന്നു. നിങ്ങൾക്കും നന്ദിനി റെഡ്ഡിക്കും എന്റെ ആശംസകൾ നേരുന്നു. പിന്നെ, അതെ... നമുക്ക് ഉടൻ തന്നെ ഒരുമിച്ച് ഒരു പ്രോജക്ട് ചെയ്യാം," എന്നാണ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് സായ് കുറിച്ചത്.

ട്രലാലാ മൂവിങ് പിക്ചേഴ്സിന്റെ ബാനറിൽ ഹിമന്ത് ദിവ്വുരു, സമാന്ത, പങ്കാളി രാജ് നിദിമോരു എന്നിവർ ചേർന്നാണ് 'മാ ഇൻടി ബംഗാരം' നിർമിക്കുന്നത്. രാജ് നിദിമോരു തന്നെയാണ് സിനിമയുടെ ക്രിയേറ്റർ. ബി.വി. നന്ദിനി റെഡ്ഡി ആണ് സംവിധാനം. 'ഓ! ബേബി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'മാ ഇൻടി ബംഗാരം'. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഓം പ്രകാശ് ആണ് സിനിമയുടെ ഛായാഗ്രഹണം. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.

News Malayalam 24x7
newsmalayalam.com