
സിനിമ മേഖലയില്‍ ചരിത്ര തീരുമാനമെടുത്ത് നടി സമാന്ത. താന്‍ നിര്‍മിക്കുന്ന സിനിമയില്‍ ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനാണ് സമാന്ത തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന് വലിയ അഭിനന്ദനങ്ങളാണ് താരം ഏറ്റുവാങ്ങുന്നത്.
2023ല്‍ സാമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'വുമണ്‍ ഇന്‍ സിനിമ' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നന്ദിനി. പ്രതിഫലവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഗ്യാപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നന്ദിനി. അപ്പോഴാണ് സമാന്തയുടെ ചരിത്ര തീരുമാനത്തെ കുറിച്ച് സംവിധായിക അറിയിച്ചത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് സമാന്ത എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രലാല മൂവിങ് പിക്ച്ചേഴ്സ് തുടങ്ങിയ സമയത്ത് തന്നെ പുതിയ ചിന്തകള്‍ക്കാണ് ഈ നിര്‍മാണ കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് സാമന്ത പറഞ്ഞിരുന്നു. 'സമൂഹത്തിന്റെ വ്യത്യസ്തമായ തലങ്ങളെ വരച്ചുകാണിക്കുന്ന പുതുമയുള്ള, ചിന്തോദ്ദീപകമായ കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നത്. ഫിലിം മേക്കഴ്സിന് മികച്ച കഥകള്‍ പറയാനുള്ള ഒരു വേദിയായിരിക്കും ഇത്,' എന്നായിരുന്നു അന്ന് സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.