ജോമോൻ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി വൻ വിജയം നേടിയ സാമ്രാജ്യം വീണ്ടും തിയേറ്ററിലേക്ക്. ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4കെ ഡോൾബി അറ്റ്‌മോസ് പതിപ്പിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം സെപ്റ്റംബർ മാസത്തിലാണ് വീണ്ടുമെത്തുന്നത്. ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസനായിരുന്നു ചിത്രത്തിൻ്റെ നിർമാണം.
അലക്സാണ്ടർ എന്ന അധോലോകനെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ സാമ്രാജ്യം അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതി നേടിയിരുന്നു. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു സാമ്രാജ്യം. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യുകയും റീമേക്ക് ചെയ്യുകയും ചെയ്ത ചിത്രം, മലയാള സിനിമയ്ക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രശസ്ത ഗാന രചയിതാവ് ഷിബു ചക്രവർത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് - ഹരിഹര പുത്രൻ. ജയനൻ വിൻസൻ്റ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഇളയരാജയാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കിയത്. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ. നായർ, ഭീമൻ രഘു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.