നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായി നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിലേക്ക്. സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. എന്നാല്‍ വരണാധികാരി പത്രിക തള്ളിയത് ചട്ടവിരുദ്ധമായാണെന്നാണ് പരാതി. ഇന്ന് തന്നെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും സാധ്യതയുണ്ട്.
എക്‌സ്‌ക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഒഴികെയുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും നിര്‍മിച്ചതിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പത്രികയോടൊപ്പം സമര്‍പ്പിക്കണം. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള 2 സര്‍ട്ടിഫിക്കറ്റും ഫ്രൈഡെ ഫിലിംസിന്റെ പേരിലുള്ള ഒരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമാണ് സാന്ദ്ര തോമസ് സമര്‍പ്പിച്ചത്. എന്നാല്‍ ഫ്രൈഡെ ഫിലിംസുമായി സാന്ദ്രക്ക് നിലവില്‍ ബന്ധമില്ലെന്ന് ചൂണ്ടികാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. മറ്റാരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നതിന് മുമ്പ് വരണാധികാരി ഈ പ്രശ്‌നം ചൂണ്ടി കാണിച്ചതിനെ സാന്ദ്ര ചോദ്യം ചെയ്തിരുന്നു.
മത്സരാര്‍ത്ഥിയുടെ പേരിലുള്ള 3 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് മാത്രമാണ് നിയമാവലിയുള്ളതെന്നും തന്റെ പത്രിക തള്ളാന്‍ വരണാധികാരി നിലവിലെ ഭാരവാഹികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സാന്ദ്ര തോമസ് ആരോപിച്ചു. ഇതിനിടെ സാന്ദ്രയുടെ ആരോപണത്തിനെതിരെ നിര്‍മാതാക്കളായ സുരേഷ് കുമാറും സിയാദ് കോക്കറും രംഗത്തെത്തിയത് തര്‍ക്കം രൂക്ഷമാക്കി.