"ജയിലില്‍ ഞാന്‍ തിയേറ്റര്‍ ഗ്രൂപ്പ് ആരംഭിച്ചു"; കൊലപാതക കുറ്റവാളികളായിരുന്നു അഭിനേതാക്കളെന്ന് സഞ്ജയ് ദത്ത്

അഭിനയത്തിനോടുള്ള തന്റെ അഭിനിവേശം ജയിലിനുള്ളിലെ ജീവിതത്തെ നേരിടാന്‍ തന്നെ എങ്ങനെ സഹായിച്ചുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
Sanjay Dutt
സഞ്ജയ് ദത്ത് Source : X
Published on

ജയിലില്‍ കഴിഞ്ഞതിന്റെ അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. അഭിനയത്തിനോടുള്ള തന്റെ അഭിനിവേശം ജയിലിനുള്ളിലെ ജീവിതത്തെ നേരിടാന്‍ തന്നെ എങ്ങനെ സഹായിച്ചുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. കൊലപാതക കുറ്റവാളികളെ അഭിനേതാക്കളാക്കി ജയിലില്‍ ഒരു തിയേറ്റര്‍ ഗ്രൂപ്പ് ആരംഭിച്ചതിനെ കുറിച്ചും അദ്ദേഹം ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ സംസാരിച്ചു.

"എന്റെ ജീവിതത്തില്‍ സംഭവിച്ച ഒന്നിനെ കുറിച്ചും ഞാന്‍ ഖേദിക്കുന്നില്ല. എന്റെ മാതാപിതാക്കള്‍ വളരെ വേഗം എന്നെ വിട്ടു പോയതാണ് എന്റെ പ്രധാന ദുഃഖം", സഞ്ജയ് ദത്ത് പറഞ്ഞു.

ജയിലില്‍ മരപ്പണി ചെയ്യുമ്പോള്‍ നിര്‍മിച്ച ഫര്‍ണീച്ചറുകള്‍ ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് അര്‍ച്ചന പുരണ്‍ സിംഗ് സഞ്ജയ് ദത്തിനോട് ചോദിച്ചിരുന്നു. "എനിക്ക് അവിടെ ചെയ്ത എല്ലാ ജോലികള്‍ക്കും കൂലി ലഭിച്ചിരുന്നു. കസേരകള്‍ മുതല്‍ പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കിയതിന് വരെ എനിക്ക് ശമ്പളം കിട്ടി. പിന്നെ ഞാന്‍ റേഡിയോ വൈസിപി എന്ന പേരില്‍ ജയിലില്‍ ഒരു റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ചു. ഒരു കാലത്ത് അത് ജയിലിനുള്ളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനും എനിക്ക് പ്രതിഫലം ലഭിച്ചു. ഞാന്‍ റേഡിയോ പ്രോഗ്രാം ചെയ്തു. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുറച്ച് കോമഡിയും ചെയ്തു. മൂന്നോ നാലോ തടവുകാര്‍ ചേര്‍ന്നായിരുന്നു പരിപാടിയുടെ തിരക്കഥ എഴുതിയിരുന്നത്", അദ്ദേഹം വ്യക്തമാക്കി.

"ഞാന്‍ അവിടെ ഒരു തിയേറ്റര്‍ ഗ്രൂപ്പും ആരംഭിച്ചു. ഞാനായിരുന്നു സംവിധായകന്‍. കൊലപാതക കുറ്റവാളികളായിരുന്നു അഭിനേതാക്കള്‍", സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച അഭിനേതാക്കളായ നര്‍ഗീസിന്റെയും സുനില്‍ ദത്തിന്റെയും മകനാണ് സഞ്ജയ് ദത്ത്. 1993ലെ ഒരു കേസില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് 2007ല്‍ ടാഡ കോടതി അദ്ദേഹത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2013ല്‍ സുപ്രീം കോടതി ഈ തീരുമാനം ശരിവെച്ചതിനെ തുടര്‍ന്ന് അദ്ദേഹം കീഴടങ്ങി. 2013-16 കാലയളവില്‍ അദ്ദേഹം പൂനെയിലെ യെര്‍വാഡ സെട്രല്‍ ജയിലില്‍ ആയിരുന്നു.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജു എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ ജയില്‍ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. രണ്‍ബീര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ സഞ്ജയ് ദത്തായി എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com