
ഏദന് ശേഷം സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇഫ് ഓണ്‍ എ വിന്റെര്‍സ് നൈറ്റ്' (ഖിഡ്കീ ഗാവ്) ബുസാന്‍ ചലച്ചിത്രമേളയിലെ വിഷന്‍ ഏഷ്യ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരി രേഖ രാജിന്റെ തിരക്കഥ ഡല്‍ഹിയിലേക്ക് കുടിയേറുന്ന മലയാളികളായ കമിതാക്കളുടെ ജീവിതം പ്രമേയമാക്കുന്നു. ആധുനിക നാഗരികതയും പുതിയ ജീവിത സാഹചര്യങ്ങളും അവരുടെ പ്രണയത്തെ എങ്ങനെ മുറിവേല്‍പ്പിക്കുന്നുവെന്നും അത് എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ചിത്രം പറയുന്നു.
കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റിന്റെ സംവിധായിക പായല്‍ കപാടിയയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
കഥയുടെ പശ്ചാത്തലമായ ഡല്‍ഹിയിലെ ഖിര്‍ക്കി ഗ്രാമം, സെലക്ട് സിറ്റി വോക്ക്, ഡിഎല്‍എഫ് പോലുള്ള പ്രമുഖ മാളുകള്‍ക്ക് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. തിങ്ങിനിറഞ്ഞ അപ്പാര്‍ട്ടുമെന്റുകളും ഇടവഴികളും മാത്രമല്ല, പുരാതനമായ പള്ളികളും അമ്പലങ്ങളും ചരിത്രസ്മാരകങ്ങളും അഫ്ഗാന്‍-ആഫ്രിക്കന്‍ കാന്റീനുകളും ഈ പ്രദേശത്തുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഈ ഗ്രാമത്തെ ഒരു ബഹുസാംസ്‌കാരിക കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്, അതില്‍ അഫ്ഗാന്‍, ആഫ്രിക്കന്‍ വംശജരാണ് അധികവും. പ്രമുഖ കലാകേന്ദ്രങ്ങളായ ഖോജ്, ഫ്രീ ലൈബ്രറി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന കമ്മ്യൂണിറ്റി ലൈബ്രറി പ്രോജക്റ്റ് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
സഞ്ജു സുരേന്ദ്രനും ഛായാഗ്രാഹകനായ മനേഷ് മാധവനും ആദ്യമായി ഒന്നിച്ച ഏദന്‍ (2017) മികച്ച ഛായാഗ്രഹണത്തിനുള്ളതടക്കം നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അതേ വര്‍ഷം നടന്ന IFFK-യില്‍ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി റോഷന്‍ അബ്ദുല്‍ റഹൂഫും ഭാനുപ്രിയയും എത്തുന്നു. ജിതീഷ് റെയ്ച്ചല്‍, ആരതി കെബി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
2025 സെപ്റ്റംബര്‍ 17 മുതല്‍ 26 വരെ ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടക്കുന്ന മുപ്പതാമത് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള, പാര്‍ക്ക് ചാന്‍-വുക്കിന്റെ 'നോ അദര്‍ ചോയ്‌സ്' എന്ന സിനിമയോടെയാണ് ആരംഭിക്കുന്നത്.