
തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കല്‍ക്കി 2898 എഡിയുടെ തീം സോങ് പുറത്തിറക്കി അണിയറക്കാര്‍. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ രചനും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ശോഭന, ദിഷാ പടാനി, പശുപതി, അന്ന ബെന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന തീം സോങ്ങിന്‍റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. ചന്ദ്രബോസ്, വിവേക്, കുമാര്‍ എന്നിവരാണ് ഓരോ ഭാഷയിലും ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്. കാലഭൈരവ, അനന്തു, ഗൗതം ഭരദ്വാജ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പിന്നണിഗായകരും ചേര്‍ന്നാണ് തീം ഓഫ് കല്‍ക്കി ആലപിച്ചിരിക്കുന്നത്.
മിത്തും ഫിക്ഷനും ചേര്‍ന്ന ഒരു മാസ്മരിക ലോകമാണ് സംവിധായകന്‍ കല്‍ക്കിയിലൂടെ പ്രേക്ഷകന് മുന്നിലേക്ക് എത്തിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. 600 കോടി രൂപ മുതല്‍ മുടക്കില്‍ അഞ്ച് വര്‍ഷത്തോളമെടുത്താണ് കല്‍ക്കി 2898 എഡി പൂര്‍ത്തിയാക്കിയത്.
പ്രീ ബുക്കിങ്ങിലും മികച്ച പ്രകടനമാണ് ചിത്രം നടത്തിയിരിക്കുന്നത്. ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിലെ തീയേറ്ററുകളിലെ ആദ്യ ദിന ഷോയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി കഴിഞ്ഞു. പ്രഭാസ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് കല്‍ക്കി. പ്രഭാസ് നായകനായി ഒടുവിലെത്തിയ സലാറിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ബാഹുബലിക്ക് ശേഷം ഒരു മെഗാ ഹിറ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കല്‍ക്കിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.