
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് 'ഹൃദയപൂര്‍വം' എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 'അച്ഛന്‍റെ അടുത്ത സിനിമ' എന്ന ക്യാപ്ഷനോടെ സത്യന്‍ അന്തിക്കാടിന്‍റെ മകനും സംവിധായകുമായ അനൂപ് സത്യന്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ടീമിന്‍റെ സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. "മോഹൻലാൽ സാധാരണക്കാരനായി അഭിനയിക്കുന്നത് കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നുവെന്ന് നേരിന്‍റെ വിജയം തെളിയിക്കുന്നു. ഞങ്ങളുടെ മറ്റ് സിനിമകൾക്ക് സമാനമായി, ഇതും പരിചിതമായ കഥയായിരിക്കും, പക്ഷേ ഒരു പുതിയ ട്രീറ്റ്‌മെൻ്റിനൊപ്പം അത് അവതരിപ്പിക്കും " എന്ന് സന്ത്യന്‍ അന്തിക്കാട് സുനോ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു.
ജസ്റ്റിന്‍ പ്രഭാകര്‍ സിനിമയ്ക്ക് സംഗീതമൊരുക്കും. മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. ‘ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് (1986)’, ‘സന്മനസുള്ളവർക്ക് സമാധാനം (1986)’, ‘വരവേൽപ്പ് (1989’, ‘നാടോടിക്കാറ്റ്(1987)’, ‘പട്ടണപ്രവേശം (1988)’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഇരുവരും ചേർന്ന് നേരത്തെ ഒരുക്കിയിരുന്നു. 2015-ല്‍ റിലീസായ 'എന്നും എപ്പോഴും' എന്ന സിനിമയിലാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അവസാനമായി ഒന്നിച്ചത്.