ശ്രീനിവാസൻ തിരക്കഥയെഴുതിയ 40 സിനിമകളിൽ പതിനൊന്നും സത്യൻ അന്തിക്കാടിന് വേണ്ടിയായിരുന്നു. മലയാളി ജീവിതത്തെ ആഘോഷിക്കുകയും തിരുത്തുകയും പരിഹസിക്കുകയും ചെയ്ത ആ കൂട്ടുകെട്ട് കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലെ കേരളത്തെയാണു പകർത്തിവച്ചത്.
ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് സൃഷ്ടിച്ച കഥാപാത്രങ്ങൾ കേരളീയരുടെ ജീവിതത്തിലേക്കിറങ്ങി വന്ന് ഇന്നും യുദ്ധം ചെയ്യുന്നുണ്ട്. 'സന്ദേശം' സിനിമയിലെ കഥാപാത്രങ്ങൾ ഒന്നൊഴിയാതെയെല്ലാവരും മലയാളിയുടെ ദൈനംദിന ജീവിതത്തിൽ നിരന്തരം വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു. പോളണ്ടിൽ പിന്നെയും കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടും 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന ശ്രീനിയുടെ വിലക്ക് അക്ഷരംപ്രതി അനുവാചകർ പാലിക്കുന്നു.
ശ്രീനിവാസൻ സത്യൻ അന്തിക്കാടിനോടു ചേർന്നപ്പോഴൊക്കെ ഒന്നാന്തരം രാഷ്ട്രീയം പറഞ്ഞു. കക്ഷി രാഷ്ട്രീയം മാത്രമായിരുന്നില്ല, അത്ര സുപരിചിതമല്ലാത്ത സോഷ്യൽ പൊളിറ്റിക്സ് കൂടി ആയിരുന്നു അവ. 'ഗോളാന്തരവാർത്ത' എന്ന സിനിമ പോലെ.
'വരവേൽപ്പ്' സിനിമയിലെ പ്രവാസിയുടെ ജീവിതം. സത്യൻ അന്തിക്കാടിന് സംവിധാനം ചെയ്യാനും മോഹൻലാലിന് പറയാനുമായി ആ കഥാപാത്രത്തെ സൃഷ്ടിച്ച ശ്രീനിവാസൻ എന്നും ഒരു വെഹിക്കിൾ ഇൻസ്പെക്ടറുടെ റോളിലായിരുന്നു - അങ്ങോടുമിങ്ങോടും ഓടുന്ന മലയാളിയെ ഒരു സ്‌കാനർ പോലെ നോക്കിക്കൊണ്ടിരുന്നയാൾ.
പതിറ്റാണ്ടുകൾ ഇത്ര കഴിഞ്ഞിട്ടും തൊഴിലില്ലാത്തവൻ സ്വപ്നം കാണുമ്പോഴൊക്കെ ഒരു 'നാടോടിക്കാറ്റ്' വീശുന്നുണ്ടാകും. പിന്നാലെ 'പട്ടണപ്രവേശ'വും.'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും' 'മൈ ഡിയർ മുത്തച്ഛനും' മുതൽ 'ഞാൻ പ്രകാശൻ' വരെ ഇരുവരും ഒന്നിച്ച സിനിമകൾ ചിലപ്പോഴൊക്കെ വൈകാരികതയുടെ തീരങ്ങളും തൊട്ടു. ലിവിങ് ടുഗതർ അഥവാ സ്ത്രീയുടേയും പുരുഷന്റേയും സഹജീവിതം സദാചാരവിരുദ്ധമെന്നു വിശ്വസിച്ചിരുന്നവർക്കു മുന്നിലാണ് 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന സിനിമ എത്തിയത്.
സത്യൻ അന്തിക്കാടിന് ശ്രീനിവാസൻ ഇല്ലാതെ പറ്റുമായിരുന്നില്ല. ശ്രീനിവാസന് സത്യൻ അന്തിക്കാടില്ലാതെയും. സിനിമയ്ക്കുള്ളിലെ ഒരു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സഹജീവിതം കൂടിയാണ് ഇന്ന് മുറിയുന്നത്. എന്നാൽ, അവരുടെ സിനിമകൾ ആ കൂട്ടുകെട്ടിന്റെ കഥ പറഞ്ഞുകൊണ്ടിരിക്കും.