
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തനിക്ക് ഗര്‍ഭം ധരിക്കാനാവില്ലെന്ന് ഗായിക സലീന ഗോമസ്. വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്. അമ്മയാകാന്‍ ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും തന്നെ സംബന്ധിച്ച് ആ യാത്ര വ്യത്യസ്തമായിരിക്കുമെന്നും സലീന പറഞ്ഞു.
'ഞാന്‍ ഇക്കാര്യം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എനിക്ക് ഗര്‍ഭം ധരിക്കാനാവില്ല. എനിക്ക് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് കുഞ്ഞിന്റെയും എന്റെയും ജീവനെ ബാധിക്കും. അതില്‍ എനിക്ക് അതിയായ സങ്കടമുണ്ടായിരുന്നു. തുടക്കത്തില്‍ എനിക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു', സലീന പറഞ്ഞു.
'എല്ലാവര്‍ക്കും സംഭവിക്കും പോലെ എനിക്കും അത് സംഭവിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇന്ന് ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു. സെറൊഗസി, അഡോപ്ക്ഷന്‍ എന്നീ സാധ്യതകള്‍ എനിക്കായി തുറന്നു കിടക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അമ്മയാകാന്‍ ആഗ്രഹിച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. ആ യാത്ര എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എനിക്ക് ആകാംഷയുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് ആ യാത്ര കുറച്ച് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ആ കുഞ്ഞ് എന്റേതായിരിക്കുമല്ലോ'യെന്നും സലീന ഗോമസ് കൂട്ടിച്ചേര്‍ത്തു.