
2024ലെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിന്റെ നടത്തിപ്പിനായി അക്കാദമി ഓഫ് മോഷന്‍ മിക്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സിന്റെ ഭാഗത്തുനിന്ന് ലോകമെമ്പാടുമുള്ള 487 കലാകാരന്‍മാര്‍ക്ക് ക്ഷണം ലഭിച്ചു. അതില്‍ ഇന്ത്യയില്‍ നിന്ന് മുതിര്‍ന്ന നടി ഷബാന അസ്മി, സംവിധായകന്‍ എസ്.എസ് രാജമൗലി, കോസ്റ്റിയൂം ഡിസൈനറും രാജമൗലിയുടെ ഭാര്യയുമായ രമ രാജമൗലി, നാട്ടു നാട്ടു കോറിയോഗ്രഫര്‍ പ്രേം രക്ഷിത്, നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
അക്കാദമി പുതിയ അംഗങ്ങളെ വെബ്‌സൈറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ക്ഷണിച്ചവരില്‍ 71 ഓസ്‌കാര്‍ നോമിനികളും 19 ഓസ്‌കാര്‍ ജേതാക്കളും ഉണ്ട്. ആക്ടേഴ്‌സ് ബ്രാഞ്ചിലേക്കാണ് നടി ഷബാന അസ്മിയെ ക്ഷണിച്ചിരിക്കുന്നത്. രാജമൗലിയെ സംവിധായകരുടെ ബ്രാഞ്ചിലേക്കും. ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍, സംവിധായിക റിമ ദാസ്, ഇന്ത്യനായ കനേഡിയന്‍ സംവിധായിക നിഷ പഹൂജ, സംവിധായകനായ ഹേമല്‍ ത്രിവേദി എന്നിവരാണ് ക്ഷണിക്കപ്പെട്ട മറ്റ് ഇന്ത്യക്കാര്‍.
'ഈ വര്‍ഷത്തെ അക്കാദമി അംഗങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെ'ന്നാണ് അക്കാദമി സിഇഓ ബില്‍ കാര്‍മെറും പ്രസിഡന്റ് ജാനെറ്റ് യെങും പറഞ്ഞത്.