MAMI-യില്‍ ഷബാന അസ്മിക്ക് എക്‌സലെന്‍സ് ഇന്‍ സിനിമ അവാര്‍ഡ്; നല്‍കുന്നത് മുതിര്‍ന്ന നടി വഹീദാ റഹ്‌മാന്‍

ഷബാന അസ്മിയുടെ ആര്‍ത്ത് എന്ന സിനിമയും ഫസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും
MAMI-യില്‍ ഷബാന അസ്മിക്ക് എക്‌സലെന്‍സ് ഇന്‍ സിനിമ അവാര്‍ഡ്; നല്‍കുന്നത് മുതിര്‍ന്ന നടി വഹീദാ റഹ്‌മാന്‍
Published on


മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2024ല്‍ മുതിര്‍ന്ന ബോളിവുഡ് നടി ഷബാന അസ്മിക്ക് എക്‌സലെന്‍സ് ഇന്‍ സിനിമ അവാര്‍ഡ് നല്‍കി ആദരിക്കും. മുതിര്‍ന്ന നടി വഹീദാ റഹ്‌മാന്‍ ആണ് ഷബാന അസ്മിക്ക് പുരസ്‌കാരം നല്‍കുക എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയില്‍ 50 വര്‍ഷം പിന്നിട്ടതിനെ തുടര്‍ന്നാണ് താരത്തെ ആദരിക്കുന്നത്. രണ്ട് നടിമാരും നാല് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 15 പാര്‍ക്ക് അവന്യൂ, ജ്വാലാമുഖി, നംകീന്‍, പ്യാസീ ആംഖേം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2021ല്‍ പുറത്തിറങ്ങിയ സ്‌കേറ്റര്‍ ഗേള്‍ എന്ന ചിത്രത്തിലാണ് വഹീദാ റഹ്‌മാന്‍ അവസാനമായി അഭിനയിച്ചത്. ഷാബാന അസ്മി അവസാനമായി അഭിനയിച്ച ചിത്രം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്.

ഇത് രണ്ടാം തവണയാണ് ഷബാന അസ്മിയെ മുംബൈ ഫിലിം ഫസ്റ്റിവലില്‍ വെച്ച് ആദരിക്കുന്നത്. 1999ല്‍ ഷബാന അസ്മി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴാണ് ആദ്യമായി ഫിലിം ഫസ്റ്റിവലില്‍ വെച്ച് ആദരിച്ചതെന്ന് മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവല്‍ ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുംഗര്‍പു അറിയിച്ചു.

'മാമിയില്‍ (മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവല്‍) ഷബാന അസ്മിയെ ആദരിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. 1974ലെ ഷബാനയുടെ അരങ്ങേറ്റ ചിത്രമായ അങ്കുര്‍ മുതല്‍ 50 വര്‍ഷത്തിലേറെയായി ശ്രദ്ധേയവും അവിസ്മരണീയവുമായ സ്ത്രീ കഥാപാത്രങ്ങളാല്‍ സിനിമ മേഖലയെ സമ്പന്നമാക്കുന്നു. 1999ല്‍ അഭിനയത്തില്‍ 25 വര്‍ഷം പിന്നിട്ടപ്പോള്‍ മാമിയില്‍ വെച്ച് ഷബാനയെ ആദരിച്ചതില്‍ അതിയായ സന്തോഷമുണ്ടായിരുന്നു. ഷബാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും 50 വര്‍ഷം ആഘോഷിക്കാനും ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി', എന്ന് ഫസ്റ്റിവല്‍ ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുംഗര്‍പു പത്രക്കുറിപ്പില്‍ പറഞ്ഞു.

ഒക്ടോബര്‍ 18ന് ഷബാന അസ്മിക്ക് മാമി എക്‌സലന്‍സ് ഇന്‍ സിനിമ അവാര്‍ഡ് നല്‍കി ആദരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 19ന് വിദ്യാ ബാലന്‍ അവതരിപ്പിക്കുന്ന മാസ്റ്റര്‍ ക്ലാസ് നടക്കും. ഷബാന അസ്മിയുടെ 50 വര്‍ഷക്കാലത്തെ സിനിമ മേഖലയിലെ ശ്രദ്ധേയമായ യാത്രയെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമാണ് മാസ്റ്റര്‍ ക്ലാസ്. ഷബാന അസ്മിയുടെ ആര്‍ത്ത് എന്ന സിനിമയും ഫസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com