
പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സമൂഹമാധ്യമത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ അനുശോചനം അറിയിച്ചത്. അക്രമത്തിലുള്ള തന്റെ ദേഷ്യവും സങ്കടവും വാക്കുകളാല്‍ പ്രകടിപ്പിക്കാനാവുന്നില്ലെന്നാണ് ഷാരൂഖ് ഖാന്‍ കുറിച്ചത്.
'പഹല്‍ഗാമില്‍ നടന്ന മനുഷ്യത്വരഹിതമായ അക്രമത്തിലുള്ള സങ്കടവും ദേഷ്യവും വാക്കുകളാല്‍ പ്രകടിപ്പിക്കാനാവുന്നില്ല. ഇത്തരം സമയങ്ങളില്‍ ഒരാള്‍ക്ക് ദൈവത്തിലേക്ക് തിരിയാനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുമേ സാധിക്കുകയുള്ളു. അതോടൊപ്പം ഞാന്‍ എന്റെ അനുശോചനവും അറിയിക്കുന്നു. ഒരു രാജ്യമെന്ന നിലയില്‍ ഈ ഹീനമായ പ്രവൃത്തിക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി, ശക്തരായി, നീതി ലഭിക്കാനായി നില്‍ക്കാം', ഷാരൂഖ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഷാരൂഖ് ഖാന്റെ പോസ്റ്റിന് താഴെ വിവിധ തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ചിലര്‍ താരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ ചിലര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുമുണ്ട്. ഷാരൂഖ് ഖാന് പുറമെ ബോളിവുഡ് സിനിമാ മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയ ഭീകരരേയും അവര്‍ക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരേയും കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണത്തിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് (എല്‍ഇടി) കീഴിലുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ചൊവ്വാഴ്ച തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.