
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും ഒരു ഫോട്ടോ സമൂഹമാധ്യമത്തിൽ പുതുവത്സര ദിനം മുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ ഖാൻ എന്നിവരാണ് ചിത്രത്തിലുള്ളത്. മൂന്ന് പേരും ഒരുമിച്ച് മക്കയിൽ പ്രാർത്ഥനക്കായി എത്തിയ ചിത്രമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. എന്നാൽ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് എൻഡിടിവി.
ചിത്രത്തിൽ ഗൗരി ഖാൻ കറുത്ത നിറത്തിലുള്ള കുർത്തയും കറുത്ത ഹിജാബുമാണ് ധരിച്ചിരിക്കുന്നത്. ഷാരൂഖും ആര്യനും വെള്ള നിറത്തിലുള്ള കുർത്തയുമാണ് ധരിച്ചിരിക്കുന്നത്. അവർക്ക് പിന്നിലായി മക്കയിലെ തീർത്ഥാകരെയും കാണാം. ഷാരൂഖ് ഖാനും കുടുംബവും മക്ക സന്ദർശിച്ചു എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് ഡീപ്പ്‌ഫേക്ക് അല്ലെങ്കിൽ എഐ ഉപയോഗിച്ച് നിർമിച്ച ചിത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സമൂഹമാധ്യമത്തിൽ നിരവധി പേർ ഈ ചിത്രം സത്യമാണെന്ന് പറഞ്ഞെങ്കിലും ചിലർ ചിത്രം എഐ ജെനറേറ്റഡാണെന്ന് അവകാശപ്പെട്ടു.
2005ൽ ഗൗരി ഖാൻ കരൺ ജോഹറിന്റെ പരിപാടിയായ കോഫീ വിത്ത് കരണിൽ സംസാരിക്കവെ ഷാരൂഖ് ഖാന്റെ മതത്തെ കുറിച്ച് സംസാരിച്ചിരുന്നു. 'ഞാൻ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു. പക്ഷെ അതിന് അർത്ഥം ഞാൻ മതം മാറി മുസ്ലീം ആകുമെന്നല്ല. ഞാൻ അതിൽ വിശ്വസിക്കുന്നില്ല. എല്ലാവരും ഓരോ വ്യക്തികളും അവരുടെ മതത്തെ വിശ്വസിക്കുന്നു. തീർച്ചയായും പരസ്പരം ബഹുമാനം ആവശ്യമാണ്. ഷാരൂഖ് ഒരിക്കലും എന്റെ മതത്തെ പരിഹസിക്കില്ല, ഞാൻ അത് തിരിച്ചും ചെയ്യില്ല', എന്നാണ് ഗൗരി ഖാൻ പറഞ്ഞത്.
1980കൾ മുതൽ ആരംഭിച്ചതാണ് ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും പ്രണയ ബന്ധം. 1991ൽ ഇരുവരും വിവാഹിതരായി. ഇരുവർക്കും മൂന്ന് മക്കളുണ്ട്. ആര്യൻ, സുഹാന, അബ്രാം. ആര്യൻ ആദ്യമായി സംവിധായകൻ എന്ന വേഷമണിയാൻ ഒരുങ്ങുകയാണ്. സ്റ്റാർഡം എന്ന് പേരിട്ടിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസാണ് ആര്യൻ സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ അടുത്തതായി അഭിനയിക്കാൻ പോകുന്നത് സിദ്ദാർത്ഥ് ആനന്ദിന്റെ 'കിംഗി'ലാണ്. സുഹാനയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാണ്. അടുത്ത വർഷം ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുക.