ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാതാരം; ആസ്തി എത്ര ?

സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, വിജയ് എന്നിവരാണ് പട്ടികയില്‍ ഷാരൂഖ് ഖാന് പിന്നിലായുള്ളത്
ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാതാരം; ആസ്തി എത്ര ?
Published on

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമ നടനായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സാധാരണക്കാരനായി ജീവിതം തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ താരത്തിന് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം 1992ലാണ് സിനിമയില്‍ അരങ്ങേറുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം 2024ല്‍ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ എന്‍റര്‍ടൈന്‍മെന്‍റ് പേഴ്സണാലിറ്റിയായി ഷാരൂഖ് ഖാന്‍ വളര്‍ന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 6000 കോടി രൂപയ്ക്ക് മുകളിലാണ് ഷാരൂഖ് ഖാന്‍റെ ആസ്തി. ഫസ്റ്റ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, വിജയ് എന്നിവരാണ് പട്ടികയില്‍ ഷാരൂഖ് ഖാന് പിന്നിലായുള്ളത്. സിനിമ അഭിനയത്തില്‍ നിന്നുള്ള പ്രതിഫലമാണ് എസ്ആര്‍കെയുടെ പ്രധാന വരുമാനം. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരവും ഷാരൂഖ് തന്നെ. ബോളിവുഡിലെ ഏറ്റവും ഒടുവിലെ ബ്ലോക്ബസ്റ്ററുകളിലൊന്നായ പത്താനില്‍ 200 കോടിയായിരുന്നു പ്രതിഫലമെന്നാണ് അനൗദ്യോഗിക വിവരം. നിര്‍മ്മാണ പങ്കാളിയായിരുന്ന ജവാനില്‍ 100 കോടി രൂപ പ്രതിഫലത്തിന് പുറമെ സിനിമയുടെ ലാഭവിഹിതത്തിന്‍റെ 60 ശതമാനവും ഷാരൂഖ് ഖാന് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പ്രധാന ഉടമകളില്‍ ഒരാള്‍ ഷാരൂഖ് ഖാനാണ്. സിയാസ്റ്റ് ഡെയ്‌ലിയുടെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 9,000 കോടിയാണ് ടീമിന്‍റെ മൂല്യം. സിനിമ നിര്‍മാണ രംഗത്തും സജീവമാണ് ഷാരൂഖ് ഖാന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും ഉടസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍റ്. മേന്‍ ഹും നാ, ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂഇയര്‍, ജവാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. ഒടുവിലിറങ്ങിയ ജവാന്‍ ആഗോള കളക്ഷനില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും താരമൂല്യമുള്ള ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഷാരൂഖ്. ലോകോത്തര ബ്രാന്‍ഡുകളുടെ അടക്കം പരസ്യങ്ങളില്‍ താരം ഇതിനോടകം പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. നാല് മുതല്‍ അഞ്ച് കോടി വരെയാണ് ഓരോ പരസ്യത്തില്‍ നിന്നും ഷാരൂഖ് ഖാന് ലഭിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com