
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഷാരൂഖ് ഖാന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത പലവട്ടം ചര്‍ച്ചയായതാണ്. 1995-ല്‍ റിലീസായ 'ദില്‍വാലേ ദുല്‍ഹനിയ ലേജായേംഗേ' ഇന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുണ്ട് മുംബൈയില്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്ത ഒരു ഷാരൂഖ് ഖാന്‍ ചിത്രം ആഗോള കളക്ഷനില്‍ 100 കോടി നേടി എന്ന ചരിത്രനേട്ടം സ്വന്തമാക്കിയെന്നതാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാവിഷയം.
2004-ല്‍ റിലീസായ ക്ലാസിക് റൊമാന്‍റിക് ചിത്രം 'വീര്‍ സാറ'യാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 13ന് തെരഞ്ഞെടുത്ത തീയേറ്ററുകളിലായിരുന്നു റീ റിലീസ്. ആദ്യം റിലീസ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് 61 കോടിയും വിദേശത്ത് നിന്ന് 37 കോടിയും നേടിയിരുന്നു. റീ റിലീസ് ചെയ്തപ്പോള്‍ 2.5 കോടിയും കളക്ഷന്‍ നേടിയതോടെയാണ് സിനിമ 100 കോടി കളക്ഷന്‍ നേടിയത്. ഫിലിം ട്രാക്കര്‍ തരണ്‍ ആദര്‍ശാണ് കണക്കുകള്‍ പുറത്തുവിട്ടത്.
പാകിസ്ഥാന്‍ സ്വദേശിയായ യുവതിയെ പ്രണയിക്കുന്ന ഇന്ത്യന്‍ സൈനികന്‍റെ കഥപറയുന്ന ചിത്രം യഷ് ചോപ്രയാണ് സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസാണ് നിര്‍മാതാക്കള്‍. പ്രീതി സിന്‍റയും റാണി മുഖര്‍ജിയുമാണ് നായികമാരായെത്തിയത്. അമിതാഭ് ബച്ചൻ, ഹേമാ മാലിനി, മനോജ് ബാജ്പേയി, ബോമൻ ഇറാനി, കിരൺ ഖേർ, അനുപം ഖേർ, ദിവ്യാ ദത്ത എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ.