ദേവദാസിന് ശേഷം ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി; ഷാരൂഖ് ഖാന്‍

2002ല്‍ തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു
ദേവദാസിന് ശേഷം ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി; ഷാരൂഖ് ഖാന്‍
Published on


സഞ്ജയ് ലീല ഭന്‍സാലി സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ദേവദാസ്. 2002ല്‍ തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തില്‍ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്. ദേവദാസ് എന്ന കഥാപാത്രം ഒരു ഘട്ടം കഴിയുമ്പോള്‍ മദ്യപാനിയാകുന്നുണ്ട്. മദ്യപാനിയായി അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ ദേവദാസിന് ശേഷവും മദ്യപിക്കാന്‍ തുടങ്ങിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അടുത്തിടെ 77-ാമത് ലൊകര്‍ണോ ഫിലിം ഫസ്റ്റിവലില്‍ വെച്ച് ഷാരൂഖ് ഖാനെ ആദരിച്ചിരുന്നു. അതിന് ശേഷം നടന്ന ഇവന്റില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദേവദാസ് ചെയ്യാനുള്ള കാരണവും താരം വ്യക്തമാക്കി.

'ഞാന്‍ ദേവദാസ് ചെയ്താല്‍ എന്റെ അമ്മയ്ക്ക് അത് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുമെന്ന് എനിക്ക് തോന്നി. ദിലീപ് കുമാറിനെ പോലെ നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കലാകാരന്‍മാരില്‍ ഒരാള്‍ അവതരിപ്പിച്ച ദേവദാസ് എന്ന കഥാപാത്രം എനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്റെ ദേവദാസ് ആയുള്ള പ്രകടനം അത്ര മികച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപാട് മുതിര്‍ന്ന അഭിനേതാക്കള്‍ എന്നോട് ആ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞിട്ടും ഞാന്‍ അത് ചെയ്തു. ഞാന്‍ ദേവദാസിനെ ഒരു പരാജയപ്പെട്ട വ്യക്തിയായാണ് അഭിനയിച്ചത്. നിങ്ങള്‍ക്ക് അവനോട് സ്‌നേഹം തോന്നണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ നിങ്ങള്‍ അവനെ വെറുക്കരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. പ്രണയിക്കുന്ന എല്ലാ സ്ത്രീകളില്‍ നിന്നും ഒളിച്ചോടുന്ന മദ്യപാനിയായ ഒരു വ്യക്തിയാണ് ദേവദാസ്', ഷാരൂഖ് ഖാന്‍ പറഞ്ഞു.


ദേവദാസിന്റെ ചിത്രീകരണ വേളയില്‍ തനിക്ക് വളരെ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും മദ്യപിക്കാന്‍ ആരംഭിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. അത് ഉപകാരപ്പെട്ടോ എന്ന ചോദ്യത്തിന് നര്‍മ്മത്തിലാണ് താരം മറുപടി പറഞ്ഞത്. 'എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു', എന്നാണ് ചിരിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ പറഞ്ഞത്. 'മദ്യപിച്ചത് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ എന്നെ സഹായിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ദേവദാസിന് ശേഷം ഞാന്‍ മദ്യപിക്കാന്‍ ആരംഭിച്ചു. അത് ഇതിന്റെ ഒരു പോരായ്മയായി ഞാന്‍ കാണുന്നു', എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com