

കണ്ണ് ഉയര്‍ത്തി നോക്കുമ്പോള്‍ മനം കവര്‍ന്ന രാഹുല്‍, കൈ നീട്ടി പ്രണയം പറഞ്ഞ രാജ്. അയാള്‍ വന്നാള്‍ സ്‌ക്രീനിന് ഒരു മാജിക്കുണ്ട്. അയാള്‍ ചിരിച്ചാല്‍ നമ്മളും ചിരിക്കും, കരയുമ്പോള്‍ കാണുന്നവരുടെ കണ്ണിലും കണ്ണീര്‍ പൊട്ടും. സ്‌ക്രീനിലെ ആ മജീഷ്യനെ ലോകം വിളിക്കുന്ന പേര് കിങ് ഖാന്‍. അതേ, ഇന്ത്യന്‍ സിനിമ ഒരു സാമ്രാജ്യമാണെങ്കില്‍, ആ സാമ്രാജ്യത്തിലെ ബാദ്ഷാ. ഷാരൂഖ് ഖാന്‍.
1965 നവംബര്‍ 2 ന് ന്യൂഡല്‍ഹിയിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച പയ്യന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ നടനായി മാറിയത് എങ്ങനെയായിരിക്കും? സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന എന്തോ ഒരു മാജിക് ആ പയ്യനുണ്ടായിരുന്നു, ആഗ്രഹിച്ചതെല്ലാം അയാള്‍ നേടി, കാമുകിയെ തേടി ആദ്യമായി മുംബൈയിലെത്തിയപ്പോള്‍ അയാള്‍ കൂടെയുള്ള സുഹൃത്തിനോട് പറഞ്ഞു, നീ നോക്കിക്കോ, ഒരിക്കല്‍ ഞാനിവിടുത്തെ രാജാവാകും, അന്ന് എന്റെ കൂടെ ഭാര്യയായി ഈ കാമുകിയുമുണ്ടാകും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മീര്‍ താജ് മുഹമ്മദ് ഖാനായിരുന്നു ഷാരൂഖിന്റെ പിതാവ്. മീര്‍ താജ് മുഹമ്മദ് ജനിച്ചത് പാകിസ്ഥാനിലെ പെഷാവാറിലാണ്. ആ സ്ഥലത്തിനൊരു പ്രത്യേകതയുണ്ട്, ബോളിവുഡിന്റെ ഫൗണ്ടേഷന്‍ ലെജന്റ്സായ ദിലീപ് കുമാറും രാജ് കപൂറുമെല്ലാം ജനിച്ചത് ഇവിടെയാണ്. കാലം ഗംഭീരനായൊരു സിനിമാക്കാരനെ പോലെയാണ്, ഷാരൂഖിന്റെ ജീവിതം ഒരു സിനിമയാണെങ്കില്‍ അതിന്റെ ഫ്ളാഷ് ബാക്കില്‍ ദിലീപ് കുമാറിനേയും രാജ് കപൂറിനേയും കാണാം. അവരില്‍ നിന്നാണ് സിനിമയുടെ അഴക് അയാള്‍ മനസ്സിലാക്കിയത്, ഞാന്‍ അഭിനയം പഠിച്ചത് ദിലീപ് കുമാറിനെ കണ്ടാണ്, പ്രേമിക്കാന്‍ പഠിച്ചത് രാജ് കപൂറില്‍ നിന്നുമാണെന്ന് ഷാരൂഖ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അയാള്‍ അഭിനയം തുടങ്ങുമ്പോള്‍ ജനിച്ചിട്ടു പോലുമില്ലാത്തവര്‍ മുതല്‍ അയാളെക്കാള്‍ പത്തും ഇരുപതും വയസ്സിന് പ്രായക്കൂടുതല്‍ ഉള്ളവര്‍ പോലും പ്രണയനായകനായി കാണുന്നത് ഇന്ന് അറുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന ഈ മനുഷ്യനെയാണ്.
കുട്ടിക്കാലത്ത് ക്രിക്കറ്റിലും ഫുട്ബോളിനും മിടുക്കനായ കുട്ടി അഭിനയ ലോകത്തേക്ക് എത്തുന്നത് കോളേജ് കാലത്താണ്. ഡല്‍ഹി ഹാന്‍സ് രാജ് കോളേജില്‍ പഠിക്കുമ്പോള്‍ തിയേറ്ററിലൂടെ അഭിനയത്തിലേക്ക്. ബാരി ജോണിന്റെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ജീവിത നിയോഗം അവന്‍ തിരിച്ചറിഞ്ഞു, 'ഐ വാണ്ട് ടു ആക്ട്'. പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റിലെ വാക്കുകള്‍ കടമെടുത്ത് ഷാരൂഖ് സിനിമയിലെ ഒരു ഡയലോഗുണ്ട്, നിങ്ങള്‍ എന്തെങ്കിലും ഒന്നിനെ തീവ്രമായി ആഗ്രഹിച്ചാല്‍, അത് നിങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും... ഇത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച മനുഷ്യനാണ് അയാള്‍.
1988 ല്‍ ചിത്രീകരണം ആരംഭിച്ച ദില്‍ ദാരിയ എന്ന സീരിയലിലാണ് ഷാരൂഖ് ആദ്യമായി അഭിനയിച്ചത്. പക്ഷെ, രാജ് കുമാര്‍ കപൂര്‍ സംവിധാനം ചെയ്ത 1989 ല്‍ പുറത്തിറങ്ങിയ ഫൗജി എന്ന പരമ്പരയിലൂഡടെയാണ് ആദ്യ ടെലിവിഷന്‍ അരങ്ങേറ്റം. ഫൗജിയിലെ അഭിമന്യു റായ് എന്ന ചെറുപ്പക്കാരനെ അന്ന് മുതല്‍ തന്നെ ഇന്ത്യന്‍ ടിവി പ്രേക്ഷകര്‍ ശ്രദ്ധിച്ചു കാണണം, അതുകൊണ്ടാകാം, സര്‍ക്കസ്, ഇഡിയറ്റ്, ഉമ്മീദ്, വാഗ്ലേ കീ ദുനിയ, അരുന്ധതി റോയിയുടെ ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് തോസ് വണ്‍സ് എന്ന ടെലിഫിലിമിലുമെല്ലാം വേഷമിടാന്‍ അയാള്‍ വേഷമിട്ടത്.
ടെലിവിഷന്‍ കാലത്തു തന്നെ ദിലീപ് കുമാറിന്റെ രൂപ ഭാവങ്ങളുമായി ഷാരൂഖിനെ താരതമ്യം ചെയ്ത് തുടങ്ങിയിരുന്നു, പക്ഷെ, ആ സമയത്ത് എന്തോ ഒരു ഇന്‍ഫീരിയോരിറ്റി കോംപ്ലക് കാരണം സിനിമയിലേക്ക് പോകാന്‍ മടിച്ചിരുന്നതായി ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്.
ഷാരൂഖിനെ എന്തുകൊണ്ടാകും ആളുകള്‍ക്ക് ഇത്ര ഇഷ്ടം? ഒരു ശരാശരി ഇന്ത്യന്‍ ചെറുപ്പക്കാരന്റെ എല്ലാ ആവലാതികളും സ്വപ്നങ്ങളും പേറി മുംബൈയിലെത്തിയ ചെറുപ്പക്കാരന്റെ ജീവിതം തന്നെയാണ് അതിനുള്ള ഉത്തരം. പതിനാറാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് പിതാവിന്റെ മരണം. അസുഖം മൂര്‍ച്ഛിച്ച പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ അന്നുവരെ കാറോടിക്കാത്ത കുട്ടി ആദ്യമായി സ്റ്റിയറിങ് പിടിച്ചു. നീ എന്ന് മുതലാണ് കാറോടിക്കാന്‍ പഠിച്ചതെന്ന് ചോദിച്ച ഉമ്മയോട് ദേ ഇപ്പോ എന്നാണ് അവന്‍ പറയുന്നത്. ആ യാത്രയില്‍ പിതാവിനെ മരണത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ അവനായില്ലെങ്കിലും ജീവിതത്തില്‍ സ്റ്റിയറിങ് എങ്ങനെ നിയന്ത്രിക്കണം എന്ന് അവന്‍ പഠിച്ചിരുന്നു.
പിതാവിന്റെ മരണത്തോടെ അന്നുവരെയുണ്ടായിരുന്ന ജീവിതം മാറി. കുടുംബത്തിന്റെ ഉത്തരവാദിത്തം ചെറിയ പ്രായത്തില്‍ തന്നെ അവന്റെ ചുമലുകളിലായി. അച്ഛന്റെ മരണത്തോടെ വിഷാദ രോഗത്തിലേക്ക് നീങ്ങിയ സഹോദരിയേയും ഒപ്പം ചേര്‍ത്ത് അവന്‍ യാത്ര തുടങ്ങി.
ഇതിനിടയിലെപ്പോഴോ ഗൗരി എന്ന പെണ്‍കുട്ടി ആ കൗമാരക്കാരന്റെ ജീവിതത്തിലേക്ക് എത്തി. മുംബൈയിലേക്ക് പോയ ഗൗരിയെ തേടി അവന്‍ മുംബൈയിലെത്തുന്നു. ഒരു ബോളിവുഡ് സിനിമ പോലൊരു പ്രണയകഥ. പ്രിയപ്പെട്ട ഒന്നിനു വേണ്ടി മറ്റൊന്നിനെ അയാള്‍ ത്യജിച്ചില്ല, ഗൗരിക്കൊപ്പം സിനിമയേയും അയാള്‍ പ്രണയിച്ചു, കുടുംബത്തെ ചേര്‍ത്തു പിടിച്ചു. എല്ലാം നേടി. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം തന്നെ ഒപ്പമുണ്ടാകുമെന്ന് അയാള്‍ തെളിയിച്ചു.
1992 ല്‍ പുറത്തിറങ്ങിയ ദീവാനയാണ് ഷാരൂഖിന്റെ ആദ്യ സിനിമ. റിഷി കപൂറിനും ദിവ്യ ഭാരതിക്കും ഒപ്പം സുപ്രധാന വേഷം. ഒരു തുടക്കക്കാരന് കിട്ടാവുന്ന മികച്ച അവസരം. ബോളിവുഡില്‍ അന്ന് ഏറ്റവും ഡിമാന്‍ഡുള്ള താരങ്ങളാണ് റിഷി കപൂറും ദിവ്യ ഭാരതിയും. ആദ്യ സിനിമ തന്നെ ഗംഭീരമാക്കിയ അരങ്ങേറ്റക്കാരന്‍ ബോളിവുഡില്‍ ചര്‍ച്ചയായി. തൊട്ടടുത്ത വര്‍ഷമാണ് ഷാരൂഖിന്റെ കരിയറിലും ബോളിവുഡിലും ബാസിഗര്‍ സംഭവിക്കുന്നത്. അതൊരു സംഭവം തന്നെയായിരുന്നു. അന്നുവരെ ഹീറോകള്‍ അടക്കിവാണ ബോളിവുഡില്‍ ജനഹൃദയം കീഴടക്കിയ സുന്ദരനായ വില്ലന്‍ അവതരിച്ചു.
ബാസീഗര്‍ എന്ന വാക്കിന് മജീഷ്യന്‍ എന്നൊരു അര്‍ത്ഥമുണ്ട്. ബാസീഗറില്‍ ഷാരൂഖിന്റെ ക്യാരക്ടറിന്റെ പേര് എത്ര പേര്‍ക്കറിയാം, പക്ഷേ അതിലെ പാട്ടുകളും ഡയലോഗുകളും ഇന്നും പലര്‍ക്കും കാണാപാഠമാണ്, അതിലൊരു ഡയലോഗുണ്ട്. 'ജയിക്കാന്‍ വേണ്ടി ചിലപ്പോള്‍ എന്തെങ്കിലും നഷ്ടപ്പെടുത്തേണ്ടി വരും, പക്ഷേ തോറ്റിട്ടും ജയിക്കുന്നവനെ ബാസിഗര്‍ എന്ന് വിളിക്കും'. അതിനു പിന്നാലെ ദര്‍.. അതിലും വില്ലന്‍ ഷാരൂഖ് തന്നെ. ദേ ബോളിവുഡില്‍ പുതിയൊരു വില്ലന്‍ അവതരിച്ചിരിക്കുന്നുവെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് ദില്‍വാലെ ദുല്‍ഹനിയാ ലേജായേങ്കേ എത്തുന്നത്. മുംബൈയിലെ മറാത്ത മന്ദിര്‍ തിയേറ്ററില്‍ ഇന്നും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമ. 95 ലാണ് കടുക് പാടത്തിന്റെ നടുവില്‍ നിന്ന് ഇരു കൈകളും ഉയര്‍ത്തി രാജ് സിമ്രനെ തന്റെ പ്രണയത്തിലേക്ക് ക്ഷണിക്കുന്നത്. മുപ്പത് കൊല്ലം കഴിഞ്ഞിട്ടും ഒട്ടും നിറം മങ്ങിയിട്ടില്ല ആ പ്രണയത്തിന്. ഇന്ത്യന്‍ യുവാക്കളെ പ്രണയിക്കാന്‍ പഠിപ്പിച്ചത് താനാണെന്ന് ഷാരൂഖ് പറഞ്ഞതായി കേട്ടിട്ടുണ്ട്, ഈ സിനിമയ്ക്കു ശേഷമാണ് ഷാരൂഖിനെ കിങ് ഓഫ് റൊമാന്‍സ് എന്ന് ലോകം വിളിച്ചത്.
പിന്നെ ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോതാഹെ.. പര്‍ദേസ്, ദില്‍ ഹേ ഹിന്ദുസ്ഥാനി. അങ്ങനെ അങ്ങനെ നീളുന്നു സിനിമകള്‍. സ്വദേശ്, ചക്ദേ ഇന്ത്യ, മൈ നെയിം ഈ ഖാന്‍ എന്നിവയിലൂടെ വെറുമൊരു റൊമാന്റിക് ഹീറോ മാത്രമല്ല താനെന്ന് അയാള്‍ വിളിച്ചു പറഞ്ഞു. എനിക്കൊരു രാഷ്ട്രീയമുണ്ട്, നിലപാടുണ്ട്.. എന്ന് വിളിച്ചു പറയാതെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. സ്വാകര്യ ജീവിതം പലപ്പോഴും പൊതു വിചാരണയ്ക്ക് വിധേയമാക്കാന്‍ വിധിക്കപ്പെട്ട നടന്‍ കൂടിയാണ് ഷാരൂഖ് ഖാന്‍. അയാള്‍ അയാളെ തന്നെ വിശേഷിപ്പിച്ച് പാതി ഹൈദരാബാദി, പാതി പഠാന്‍, അല്‍പം കശ്മീരി എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ നാടിന്റെ മുദ്രാവാക്യം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങിയ മനുഷ്യന്‍.