
ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ കബീര്‍ സിംഗ് 2019ലാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വന്‍ വിജയമായിരുന്നു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രം 250 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തിരുന്നു. ഇപ്പോഴും കബീര്‍ സിംഗ് എന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫയാ ഡിസൂസയുമായുള്ള അഭിമുഖത്തില്‍ ഷാഹിദ് കബീര്‍ സിംഗ് എന്ന കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചു.
'ഞാന്‍ എന്നതല്ല മറിച്ച് നമ്മള്‍ എല്ലാവരും ആരാകും എന്നതാണ്. അല്ലെങ്കില്‍ ആരാകാന്‍ തീരുമാനിക്കുന്നു എന്നതിലാണ് കാര്യം. കബീര്‍ സിംഗ് ചെയ്ത ഒരുപാട് കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുകയില്ല. അത്തരം ഒരാളെ എനിക്ക് വ്യക്തിപരമായി അംഗീകരിക്കാനാവില്ല. പക്ഷെ അത്തരത്തിലുള്ള പുരുഷന്‍മാരുണ്ടോ? സ്ത്രീകള്‍ അത്തരക്കാരുമായി പ്രണയത്തിലാകുന്നുണ്ടോ? തീര്‍ച്ചയായും. അപ്പോള്‍ പിന്നെ എന്തുകൊണ്ട് നമുക്ക് അത്തരക്കാരെ കുറിച്ച് സിനിമ ചെയ്തൂടാ? നിങ്ങള്‍ക്ക് എന്താണ് ഇഷ്ടം എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അത് പ്രേക്ഷകര്‍ക്ക് വിട്ട് കൊടുക്കേണ്ട കാര്യമാണ്', എന്നാണ് ഷാഹിദ് പറഞ്ഞത്.
കബീര്‍ സിംഗില്‍ ഷാഹിദ് കപൂര്‍ ആണധികാരത്തിന്റെ പ്രതിരൂപമായാണ് സ്‌ക്രീനിലെത്തിയത്. ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായിക. പുരുഷാധിപത്യത്തെ ഗ്ലോറിഫൈ ചെയ്തതിന്റെ പേരില്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡിക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നിരുന്നാലും ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
റൊമാന്റിക് കോമഡിയായ തേരി ബാതോം മേ ഐസാ ഉല്‍ജാ ജിയയിലാണ് ഷാഹിദ് അവസാനമായി അഭിനയിച്ചത്. കൃതി സനോണ്‍ ആയിരുന്നു ചിത്രത്തിലെ നായിക. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ദേവയാണ് ഇനി വരാനിരിക്കുന്ന ഷാഹിദ് കപൂര്‍ ചിത്രം. ചിത്രം ജനുവരി 31ന് തിയേറ്ററിലെത്തും.