മലയാളത്തിലെ ഹിറ്റ് മേക്കർ ഷാജി കൈലാസിന്റെ പുത്തൻ ചിത്രം എത്തുകയാണ്. ജോജു ജോർജിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നത്. വരവ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജോജുവിന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറക്കി. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങൾ പിറന്നാളാശംസകളോടെ പോസ്റ്റർ പങ്കുവച്ചു.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണ് വരവ് എന്നാണ് സൂചന. ആക്ഷൻ രംഗങ്ങൾക്ക് പെൺകരുത്തേകാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസ് ടച്ച് മലയാളികളെ ഏറെ ആവേശം കൊള്ളിച്ച കാലത്തേക്ക് കൊണ്ടുപോകാൻ വരവിനാകുമോയെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് എത്തുന്നത്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ ജോമി ജോസഫ്. ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങളുണ്ട്.