
മലയാള സിനിമ കണ്ട വ്യത്യസ്തവും വൈകാരികവുമായി ഹൊറര്‍ സിനിമയായിരുന്നു ഭൂതകാലം. ഷെയിന്‍ നിഗം, രേവതി എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് രാഹുല്‍ സദാശിവനാണ്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ചിത്രം അവസാനിച്ചാലും പ്രേക്ഷകരില്‍ ആ പേടി അങ്ങനെ തന്നെ നിലനിന്നിരുന്നു. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രേവതിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഷെയിന്‍ നിഗം ഭൂതകാലത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
ഭൂതകാലം പോലൊരു സിനിമ ഇനി ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ഷെയിന്‍ പറഞ്ഞിരിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ആ കഥാപാത്രം മാത്രമല്ല. ആ സിനിമ ചെയ്ത അനുഭവവും വളരെ വലുതായിരുന്നു. നമ്മളില്‍ നിന്ന് മാനസികവും വൈകാരികവുമായി ആ സിനിമ ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു", ഷെയിന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് ഉടനീളം ഒരു ഇരുണ്ട പശ്ചാത്തലമുണ്ടെന്നും ഷെയിന്‍ കൂട്ടിച്ചേര്‍ത്തു.
2022ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിനു എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചത്. രേവതി ഷെയിനിന്റെ അമ്മയുടെ വേഷമാണ് ചെയ്തത്. ചിത്രം ഡയറക്ട് ഒടിടി റിലീസായ സോണി ലിവ്വിലാണ് പുറത്തിറങ്ങിയത്.
അതേസമയം ബാല്‍ട്ടിയാണ് റിലീസ് ചെയ്യാനിരിക്കുന്ന ഷെയിനിന്റെ പുതിയ ചിത്രം. ഓഗസ്റ്റ് 29ന് ചിത്രം തിയേറ്ററിലെത്തും. ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര, മോഹന്‍ലാലിന്റെ ഹൃദയപൂര്‍വം എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഓണം റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്.