

തെലുങ്ക് സിനിമയിൽ അരങ്ങേറാനൊരുങ്ങി മലയാളി യുവതാരം ഷെയ്ൻ നിഗം. സാഗർ ഉദഗണ്ഡ്ലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിക്കുന്ന ചിത്രം മാദേവ് മൂവീസ് പ്രൊഡക്ഷന്റെ ആദ്യ നിർമാണ സംരംഭമാണ്.
പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. മാസ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ഒരുങ്ങുന്നത്.
അപൂർവൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് രവി മണ്ട്‌ല. കാർത്തിക് അക്കവാരം ആണ് കലാ സംവിധാനം. സിനിമയുടെ കുടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഉഗാദി പ്രമാണിച്ച് പുറത്തുവിട്ട സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'ഗെറ്റ്, സെറ്റ്, ഗോ' എന്ന് കുറിച്ചുകൊണ്ടാണ് ഷെയ്‌ൻ നിഗം പോസ്റ്റർ പങ്കുവച്ചത്. തന്റെ തെലുങ്ക് അരങ്ങേറ്റത്തിന് എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും നടൻ അഭ്യർത്ഥിച്ചു.
അതേസമയം, 'ഹാൽ' ആണ് അവസാനം റിലീസ് ആയ ഷെയ്‌ൻ നിഗം ചിത്രം. സെൻസർ പ്രതിസന്ധിയും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ജെവിജെ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം വീര ആണ് സംവിധാനം ചെയ്തത്. നിഷാദ് കോയയുടേതായിരുന്നു തിരക്കഥ.