
തമിഴ് സാഹിത്യകാരനും സിപിഎം എംപിയുമായ സു.വെങ്കടേശന്‍റെ പ്രശസ്തമായ നോവല്‍ 'വീര യുഗ നായകന്‍ വേല് പാരി'യുടെ പകര്‍പ്പാവകാശം സംവിധായകന്‍ ശങ്കര്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. സംഘകാല ഭരണാധികാരിയായിരുന്ന വേല്‍ പാരിയുടെ കഥ ആസ്പദമാക്കി കരിയറിലെ ആദ്യ പിരിയോഡിക് സിനിമ ഒരുക്കാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ 2 വിന്‍റെ പ്രമോഷന്‍ അഭിമുഖത്തിനിടെ ശങ്കര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. തിരക്കഥയൊരുക്കാന്‍ സൃഷ്ടാവ് സു.വെങ്കടേശനില്‍ നിന്ന് പകര്‍പ്പവകാശം നേടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്‍റെ അനുവാദമില്ലാതെ വേല്‍പാരിയിലെ രംഗങ്ങള്‍ ഒരു പുതിയ സിനിമയില്‍ ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശങ്കര്‍. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ ട്രെയിലറില്‍ നോവലിലെ സുപ്രധാന രംഗങ്ങള്‍ ഉപയോഗിച്ചത് തന്നെ അസ്വസ്ഥാനാക്കിയെന്നും ഏറെ വേദനാജനകമാണെന്നും ശങ്കര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘എല്ലാവരുടെയും ശ്രദ്ധയ്ക്ക്, വെങ്കിടേശന്റെ വിഖ്യാതമായ ‘നവയുഗ നായകൻ വേൽ പാരി’ എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ, ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയൊരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്.
ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.’’ ശങ്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ശങ്കറിന്‍റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അടുത്തിടെ പുറത്തുവന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയുടെ ട്രെയിലറിനെ കുറിച്ചാണ് ആരോപണമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പേര്‍ വാദിക്കുന്നു. സൂര്യ ചിത്രം കങ്കുവയെ കുറിച്ചാണ് ശങ്കര്‍ പറഞ്ഞതെന്നും വാദമുണ്ട്. രണ്ടും പീരിയോഡിക് സ്വഭാവമുള്ള സിനിമകളായതിനാലാണ് ദേവരക്കും കങ്കുവക്കും നേരെ സംശയം ഉയര്‍ന്നത്.