
ബോളിവുഡിലെ പ്രശസ്തയായ നടിയാണ് ശില്‍പ ശിരോദ്കർ. ഒരിക്കൽ 'രഘുവീർ' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ താൻ വെടിയേറ്റ് മരിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ പറ്റി മനസ് തുറക്കുകയാണ് നടി. പിങ്ക് വില്ലയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം ശില്പ ഓർത്തെടുത്തത്. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുനിൽ ഷെട്ടി ആയിരുന്നു നായകൻ. ഷൂട്ടിങ്ങിന്‍റെ ഇടയ്ക്കാണ് ഇത്തരത്തിലൊരു വ്യാജ വാർത്ത പടർന്നത്. അത്, നടിയുടെ വീട്ടിലും മറ്റും ഒട്ടേറെ ഭീതി പടർത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനു വേണ്ടി വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് നിർമാതാക്കൾ അറിയിച്ചുവെന്നും ശില്‍പ ശിരോദ്കർ പറഞ്ഞു.
"സംഭവം നടക്കുമ്പോൾ ഞാൻ കുളു മണാലിയിലായിരുന്നു. അച്ഛൻ നിരന്തരം ഞാൻ താമസിച്ചിരുന്ന ഹോട്ടലുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു, അന്ന് കയ്യിൽ മൊബൈൽ ഫോൺ ഇല്ലായിരുന്നു. അവിടെ ഞാൻ സുനിൽ ഷെട്ടിയുമായി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റും കൂടി നിന്നവരൊക്കെ അഭിനയിക്കുന്നത് ഞാന്‍ തന്നെയാണോ അതോ വേറെ ആരെങ്കിലുമാണോ എന്ന സംശയത്തിലായിരുന്നു, കാരണം അവരെല്ലാം ആ വാർത്ത അറിഞ്ഞിരുന്നു. ഞാന്‍ തിരിച്ച് മുറിയിലെത്തിയപ്പോള്‍ അച്ഛന്‍റെ 20 - 25 മിസ്ഡ് കോള്‍സ് ഉണ്ടായിരുന്നു. അവർ പേടിച്ചിരിക്കുകയായിരുന്നു, പത്രത്തിൽ വരെ ഞാൻ മരിച്ചെന്നുള്ള ഹെഡ്‍ലൈൻ ഉണ്ടായിരുന്നു".
"പിന്നീടാണ് ഇതൊരു പ്രമോഷന്‍ തന്ത്രമാണെന്ന് നിർമാതാവ് പറഞ്ഞത്. ആരും എന്‍റെ അനുവാദം വാങ്ങിയിരുന്നില്ല. അന്ന് എനിക്കിതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, അത്കൊണ്ട് തന്നെ ഞാൻ ഇതൊരു വലിയ പ്രശ്നമാക്കിയില്ല. പിന്നീട് ചിത്രം റിലീസ് ആവുകയും നല്ല രീതിയിൽ ഓടുകയും ചെയ്തു" ശില്‍പ ശിരോദ്കർ പറഞ്ഞു.
അതേസമയം, ശില്‍പ ശിരോദ്കർ 'ജടാധർ' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഒരു അമാനുഷിക മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് റിപോർട്ടുകൾ. സോനാക്ഷി സിൻഹ, സുധീർ ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.