
അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേത മേനോന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്നുതന്നെ ബെഞ്ചില്‍ കൊണ്ടുവരാനാണ് ശ്രമം. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെടും.
ശ്വേത മേനോനെതിരെയുള്ള ആരോപണങ്ങളില്‍ പൊലീസ് പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ കേസ് നിയമപരമായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയുടെ പരാതിയില്‍ ശ്വേത മേനോനെതിരെ കേസെടുത്തത്. അശ്ശീല ചിത്രത്തില്‍ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശമുണ്ട്.
ശ്വേത മേനോന്‍ സിനിമയിലും പരസ്യങ്ങളിലും നഗ്‌നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ്‍ സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച നടി സെക്സ് സിനിമാ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുകയാണെന്നും പരാതിക്കാരന്‍ പറയുന്നു.