

ഛായാഗ്രാഹകനും 'സ്വാമി അയ്യപ്പൻ' എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്‍ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രാക്ഷസ വേട്ട'യ്ക്ക് തുടക്കം കുറിച്ചു. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ഈ ചിത്രം നിർമിക്കുന്നത്. കൊച്ചിയിലെ ആശിർവാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ മല്ലിക സുകുമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
സൈക്കോളജിക്കൽ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് . പ്രേക്ഷകരെ തുടക്കം മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ആകർഷക ഘടകങ്ങളാണ്.
സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് 'രാഷസ വേട്ട'. സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, സുധി കോപ്പ, ജസീല പർവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത് കോന്നി, സജു, പാർത്ഥസാരഥി, ശ്രീജു സോണി എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - ശ്യാം അരവിന്ദം, സംഗീതം - ഷാനു, ബാക്ക്ഗ്രൗണ്ട് സ്കോർ - സൗരവ് ചെന്നൈ, മേക്കപ്പ് - രാജേഷ്, കോസ്റ്റ്യൂം ഡിസൈൻ - ബിജു കുമാരപുരം. വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ - വാഴുർ ജോസ്.