
കൊച്ചി: വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു. 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പ്രശസ്ത നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്.
പുതുമയുള്ള കഥകളിലൂടെയും അവയുടെ വ്യത്യസ്തമായ അവതരണത്തിലൂടെയും യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിൻ ദാസ് 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫനുമായി ചേർന്നുള്ള ആദ്യ ചിത്രവും.
മലയാള സിനിമയില്‍ വൈവിധ്യമാർന്ന വേഷങ്ങൾക്ക് പേരുകേട്ട പൃഥ്വിരാജിന്റെ പുതിയ ചിത്രം 'സന്തോഷ് ട്രോഫി' ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. അതിനു തിളക്കം കൂട്ടുന്ന അതിഗംഭീര പ്രഖ്യാപനാണ് നിർമാതാക്കൾ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ പ്രോജക്ടിനെ കൂടുതൽ സവിശേഷമാക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളുമായി സ്‌ക്രീൻ പങ്കിടാൻ പുതുമുഖങ്ങൾക്ക് അവസരമൊരുക്കുന്നതിലൂടെ, സിനിമാ വ്യവസായത്തിലേക്ക് പുതിയ ഊർജവും കഴിവും കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
'സന്തോഷ് ട്രോഫി'യുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇപ്പോഴത്തെ ഈ പ്രഖ്യാപനം ആരാധകരിലും സിനിമാപ്രേമികളിലും യുവ തലമുറയിലും ആവേശത്തിന്റെ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.