
ദേശീയ പുരസ്‌കാരം നേടിയ നടി സ്‌നേഹലതാ റെഡ്ഡി അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയാണ്. അടിയന്തരാവസ്ഥയെ എതിര്‍ത്ത കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ ആകാശവാണിയിലും ദൂരദര്‍ശനിലും നിരോധിച്ചു. മലയാളത്തില്‍ പി എ ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമ തുണ്ടം തുണ്ടമായി സെന്‍സര്‍ ചെയ്താണ് തിയറ്ററില്‍ എത്തിയത്.
സംസ്‌കാര എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ സ്‌നേഹലതാ റെഡ്ഡി. ഹെന്‍ട്രിക് ഇബ്‌സന്റെ പീര്‍ ഗിന്തും ഷേക്‌സ്പിയറുടെ ട്വല്‍ത്ത് നൈറ്റും ഇന്ത്യന്‍ സാഹചര്യങ്ങളിലേക്കു മാറ്റി അവതരിപ്പിച്ച മഹാ നാടക പ്രതിഭ. ആ സ്‌നേഹലത റെഡ്ഡിയെ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്തു. ബറോഡ ഡൈനാമിറ്റ് കേസില്‍ പൊലീസ് തെരയുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഒളിപ്പിച്ചു എന്നായിരുന്നു കുറ്റം. രാത്രിയും പകലും ഉറങ്ങാന്‍ സമ്മതിക്കാതെ ചോദ്യം ചെയ്തു. എല്ലാ രാത്രിയിലും സ്‌നേഹലതാ റെഡ്ഡി വേദനകൊണ്ടു പുളഞ്ഞ് കരയുന്നത് കേട്ടിരുന്നുവെന്ന് മറ്റൊരു സെല്ലില്‍ ഉണ്ടായിരുന്ന മധു ദന്തവതെ പിന്നീട് എഴുതി. ആസ്മ ഉണ്ടായിരുന്ന സ്‌നേഹലതയുടെ സ്ഥിതി അതീവ ഗുരുതരമായി. നടക്കാന്‍ പോലുമാകാത്ത സ്‌നേഹലതയെ ജനുവരി 15ന് പൊലീസ് വിട്ടയച്ചു. 20ന് സ്‌നേഹലത മരിച്ചു.
മലയാളത്തില്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് കബനീ നദി ചുവന്നപ്പോള്‍. സംവിധായകന്‍ പവിത്രനായിരുന്നു നിര്‍മാതാവ്. നക്‌സല്‍ പ്രസ്ഥാനം വിഷയമായ സിനിമയുടെ പകുതി ഭാഗങ്ങളും എഡിറ്റ് ചെയ്തു നീക്കിയാണ് പ്രദര്‍ശനത്തിന് എത്തിയത്. അടിയന്തരാവസ്ഥയെ എതിര്‍ത്തു സംസാരിച്ച കിഷോര്‍ കുമാറിന് പിന്നെ ആകാശവാണിയിലും ദൂരദര്‍ശനിലും വിലക്കു വന്നു. കിഷോര്‍ കുമാറിന്റെ ഒറ്റപ്പാട്ടുകളും അടിയന്തരാവസ്ഥയുടെ 21 മാസവും കേള്‍ക്കാനായില്ല. രാഷ്ട്രീയക്കാരുടെ കസേരകളിയെ പരിഹസിച്ച കിസ കുര്‍സി കാ എന്ന ഹിന്ദി സിനിമ അടിയന്തരാവസ്ഥ കാലത്ത് തിയറ്റര്‍ പോലും കണ്ടില്ല. ജനതാ പാര്‍ട്ടി അധികാലത്തിലെത്തിയപ്പോഴാണ് സിനിമ തിയറ്ററിലെത്തിയത്.
സഞ്ജയ് ഗാന്ധിയെ പുകഴ്ത്തി സംസാരിക്കാനാവില്ലെന്നു പറഞ്ഞ ദേവ് ആനന്ദിന്റെ സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി. ഗുല്‍സാറിന്റെ ആനന്ദി എന്ന സിനിമ നിരോധിച്ചു. സുചിത്ര സെന്‍ അവതരിപ്പിച്ച കഥാപാത്രം ഇന്ദിരാഗാന്ധിയുടെ ഹെയര്‍സ്‌റ്റൈല്‍ പകര്‍ത്തിയതായിരുന്നു കാരണം.