

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'യേഴു കടൽ യേഴു മലൈ' റിലീസിന് തയ്യാറെടുക്കുകയാണ്. സൂരിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 'മണ്ടാടി' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം റിലീസ് ആകുന്ന സൂരി ചിത്രമാണിത്. ഇപ്പോഴിതാ, സിനിമയുടെ പ്രൊമോഷൻ ഇവന്റിലെ നടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
റാമിനൊപ്പമുള്ള രസകരമായ ഡബ്ബിങ് അനുഭവമാണ് സൂരി പങ്കുവച്ചത്. "ഈ സിനിമയിൽ നായകൻ എന്റെ കഴുത്തുപിടിച്ച് ഞെരിക്കുന്ന ഒരു രംഗമുണ്ട്. 'വിട്ടിടുങ്ക സ്വാമി, കറുപ്പ് സ്വാമി, കറുപ്പ് സ്വാമി, കറുപ്പ് സ്വാമി' എന്നാണ് അപ്പോഴത്തെ ഡയലോഗ്. മൂന്ന് കറുപ്പ് സ്വാമിയും മൂന്ന് രീതിയിൽ വരണം എന്ന് അദ്ദേഹം പറഞ്ഞു. പല ടേക്ക് പോയി. പക്ഷേ, റാം അണ്ണൻ തൃപ്തനായിരുന്നില്ല. കഴുത്ത് ഞെരിച്ചുപിടിച്ച് സംസാരിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. അതിലും തൃപ്തി വരാതെ , പെർഫെക്ഷൻ ലഭിക്കുന്നതിനായി റാം സാർ തന്നെ എന്റെ കഴുത്ത് മുറുക്കെ ഞെരിച്ചുപിടിച്ചു," തമാശ രൂപേണ സൂരി പറഞ്ഞു.
ഒക്ടോബർ ഒന്നിന് 'യേഴു കടൽ യേഴു മലൈ' ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമാണം. ഗൗതം രാമചന്ദ്രൻ ചിത്രം 'റിച്ചി'ക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.