
ലോകേഷ് കനകരാജ് ചിത്രം 'കൂലി' റിലീസിൻ്റെ ഭാഗമായി മുംബൈയിലെ ലോക്കൽ ട്രെയിൻ പ്രമോഷൻ പോസ്റ്ററിൽ മലയാളി താരം സൌബിൻ ഷാഹിറും. ഇതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ പ്രമോഷൻ പോസ്റ്ററിൽ ആദ്യമായി ഇടം നേടിയ മലയാളി താരമായിരിക്കുകയാണ് സൗബിൻ. സൗബിന് ലഭിച്ച ഈ സ്വീകാര്യത ആഘോഷമാക്കിയിരിക്കുകയാണ് കേരളം. സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ ട്രെയിനിൻ്റെ വീഡിയോയും ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വെസ്റ്റേൺ, സെൻട്രൽ എസി ലോക്കൽ ട്രെയിനുകൾ പോസ്റ്ററുകളാൽ നിറഞ്ഞിരിക്കുകയാണ്.
റിലീസ് ചെയിത് നാല് ദിവസം പിന്നിടുമ്പോൾ രജിനികാന്ത് ചിത്രം കൂലി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൻ്റെ ആദ്യ അപ്ഡേറ്റുകൾ പുറത്ത് വന്നത് മുതൽ സൗബിൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലും മികച്ച പ്രകടനമാണ് വില്ലൻ കഥാപാത്രമായ സൗബിന്‍ കാഴ്ചവെച്ചത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി ചിത്രത്തിന് ലഭിച്ചത് 196.55 കോടി രൂപയാണ്. ആഗോളത്തലത്തിൽ ചിത്രം 400 കോടി മറികടക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 350 കോടിയാണ് ചിത്രത്തിൻ്റെ ആകെ മുടക്കുമുതൽ.
മുംബൈയിലെ ലോക്കൽ ട്രെയിൻ പ്രമോഷൻ മാത്രമല്ല, വേറെയും വ്യത്യസ്തമായ രീതികൾ കൂലി സിനിമയുടെ പ്രമോഷനായി ഉപയോഗിച്ചിരുന്നു. ഡൽഹി, നോയിഡ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ ആമസോണുമായി സഹകരിച്ച് ഓർഡറുകൾ ഡെലിവറി ചെയ്തത് കൂലി സിനിമയുടെ പോസ്റ്ററുകൾ ഉള്ള ഡെലിവറി ബോക്സുകളിൽ ആയിരുന്നു. നാല് ലക്ഷത്തിലധികം ഡെലിവറി ബോക്സുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യപ്പെട്ടത്.