
സൗബിന്‍ ഷാഹിര്‍ കഴിഞ്ഞ ആറ് മാസമായി രജനികാന്തിന്റെ കൂലി എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ദയാല്‍ എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്. 2025ന്റെ പകുതിയോടെ ചിത്രം തിയേറ്ററിലെത്തും. ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്ന് സൗബിന്‍ പറഞ്ഞു. ചിത്രത്തില്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടതിന്റെ അനുഭവവും താരം പങ്കുവെച്ചു. മച്ചാന്റെ മാലാഖ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു സൗബിന്‍.
'അതുപോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ നിങ്ങള്‍ ആവേശം കൊണ്ടും പേടി കൊണ്ടും നിന്ന് വിറയ്ക്കും. സത്യം പറഞ്ഞാല്‍ ഇത് സംഭവിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പ്രത്യേകിച്ച് രജനി സാറിനൊപ്പം അഭിനയിക്കുന്നത്. ഞാന്‍ ആകെ പേടിച്ച് എന്റെ ഡയലോഗുകള്‍ തെറ്റിക്കുമായിരുന്നു. ഫ്രെയിമിലേക്ക് അദ്ദേഹം നടന്ന് വരുന്നത് കണ്ട് ഞാന്‍ ഞെട്ടിപോയി. എനിക്ക് റീടേക്ക് പോകേണ്ടി വന്നു. കാരണം ഞാന്‍ എന്ത് പറയണമെന്ന് മറന്നു പോയി', സൗബിന്‍ പറഞ്ഞു.
ഇതിനെല്ലാം അപ്പുറം കൂലിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു. വളരെ മികച്ചൊരു ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സൗബിന്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ട് ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യ ആഴ്ച്ചയോടെയോ അവസാനിക്കുമെന്നും താരം പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണവും.
അതേസമയം മച്ചാന്റെ മാലാഖയാണ് സൗബിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഫെബ്രുവരി 28ന് ചിത്രം തിയേറ്ററിലെത്തും. ബോബന്‍ സാമ്വല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നമിതാ പ്രമോദാണ് സൗബിന്റെ നായികയായി എത്തുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്‌നേഹത്തിന്റെ മുമ്പില്‍ വീര്‍പ്പുമുട്ടുന്ന ഭര്‍ത്താവിന്റേയും അതിനിടയില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കൊച്ചു കൊച്ചു രസാവഹമായമുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ഈ ചിത്രം ഗൗരവമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, മനോജ്. കെ.യു , വിനീത് തട്ടില്‍, ശാന്തി കൃഷ്ണ. ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രുതി ജയന്‍, ആര്യ ബേബി ആവണി . ബേബി ശ്രയാ ഷൈന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, നിതാ പ്രോമി ,മ്പിനി വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.