നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ട്, പക്ഷെ സത്യം വളച്ചൊടിക്കരുത്; മാധ്യമങ്ങളോട് സൗമ്യ സദാനന്ദന്‍

ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ സൗമ്യ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്
നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ട്, പക്ഷെ സത്യം വളച്ചൊടിക്കരുത്; മാധ്യമങ്ങളോട് സൗമ്യ സദാനന്ദന്‍
Published on


മാധ്യമങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയും സൗകര്യത്തിന് വളച്ചൊടിക്കുകയും ചെയ്തുവെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സൗമ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം തനിക്ക് സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൗമ്യ വെളിപ്പെടുത്തിയിരുന്നു. അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് ഇപ്പോള്‍ സൗമ്യ പറയുന്നത്.


സൗമ്യ സദാനന്ദന്‍ പറഞ്ഞത് :


മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്. എന്റെ പോസ്റ്റ് തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയും സൗകര്യത്തിന് വളച്ചൊടിക്കുകയും ചെയ്തതില്‍ വലിയ നിരാശയുണ്ട്. നമുക്ക് സത്യത്തിനൊപ്പം ഉറച്ചുനില്‍ക്കാം. ഞാന്‍ ഫേസ്ബുക്കിലൂടെ പറയാന്‍ ഉദ്ദേശിച്ചതെല്ലാം ഞാന്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. ദയവായി അതില്‍ നിങ്ങളുടെ രീതിയിലുള്ള കഥകള്‍ കെട്ടിചമയ്ക്കരുത്. റഫറന്‍സിനായി ഞാന്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം ഇവിടെ വീണ്ടും പങ്കുവെക്കുന്നു. ഓര്‍ക്കുക, നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ട്. വേദനയും അരാജകത്വവും പ്രചരിപ്പിക്കാനല്ല മറിച്ച് അറിവിനായി നമുക്ക് അത് ഉപയോഗിക്കാം.

മാധ്യമങ്ങളോടുള്ള പ്രധാന അഭ്യര്‍ത്ഥന. ഞാന്‍ എന്റെ കഥ ഇവിടെ പങ്കുവെക്കുമ്പോള്‍ നിങ്ങള്‍ മീഡിയ എത്തിക്‌സ് പുലര്‍ത്തുകയും എന്റെ പ്രൈവസിയെ മാനിക്കുകയും വേണം. ടിആര്‍പി കൂട്ടുന്നതിനായി വിശദാംശങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത് ഒഴിവാക്കുക. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതെല്ലാം തന്നെ ഞാന്‍ പറഞ്ഞു. അതോടൊപ്പം എന്റെ സ്വകാര്യതയും സമാധാനവും നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ മനസിലാക്കിയതിന് എല്ലാവര്‍ക്കും നന്ദി. ഉത്തരവാദിത്വത്തോടെ കഥകള്‍ പറയാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.



ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ സൗമ്യ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിന് തന്നെ സിനിമയില്‍ നിന്ന് വിലക്കിയെന്നാണ് സൗമ്യ പറഞ്ഞത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്തെന്നും സൗമ്യ പറഞ്ഞു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റ് പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. പുതിയ പ്രൊജക്ടുമായി വനിതാ നിര്‍മാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും സൗമ്യ പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com