
സ്‌പൈഡര്‍ മാന്‍ : ബ്രാന്‍ഡ് ന്യൂ ഡേ എന്ന പുതിയ ചിത്രത്തില്‍ നടന്‍ ടോം ഹോളണ്ട് 'യഥാര്‍ത്ഥ സ്‌പൈഡര്‍ മാന്‍' ആകുമെന്ന് മാര്‍വല്‍ പ്രസിഡന്റ് കെവിന്‍ ഫെയ്ജ്. ഫ്രൈഞ്ചൈസിലെ നാലാമത്തെ സിനിമ പൂര്‍ണമായും ടോം ഹോളണ്ടിന്റേതായിരിക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് കെവിന്‍ ഫെയ്ജ്. ദ ഫെന്റാസ്റ്റിക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്പ്‌സിന്റെ റൗണ്ട് ടേബിള്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നോ വേ ഹോം എന്ന സിനിമയുടെ അവസാനം പ്രേക്ഷകര്‍ക്കായി ഒരു വാഗ്ദാനമുണ്ടെന്ന് ഞാന്‍ കരുതുന്നു. പീറ്ററിനെ എല്ലാവരും മറന്നുപോയത് സങ്കടകരമാണെങ്കിലും ടോം ഹോളണ്ടിന്റെ സ്‌പൈഡര്‍ മാന്‍ കഥകളില്‍ ആദ്യമായി അദ്ദേഹം ഒരു യഥാര്‍ത്ഥ സ്‌പൈഡര്‍ മാന്‍ ആയി മാറുന്നത് നമുക്ക് കാണാനാകും. ലോകാവസാന സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയാള്‍ തനിച്ചായിരുന്നു. തന്റെ നഗരത്തെ സംരക്ഷിക്കാന്‍ സമര്‍പ്പിതനായിരുന്നു", എന്നാണ് കെവിന്‍ പറഞ്ഞത്.
2026 ജൂലൈ 31നാണ് സ്‌പൈഡര്‍ മാന്‍ 4 തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ മിഷേല്‍ 'എംജെ' ജോണ്‍സ്-വാട്സണായി സെന്‍ഡയയും നെഡ് ലീഡ്സായി ജേക്കബ് ബറ്റലോണും തിരിച്ചെത്തും. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് താരം സാഡി സിങ്കും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏത് കഥാപാത്രമായിരിക്കും താരമെന്ന് വ്യക്തമല്ല.
സ്‌പൈഡര്‍ മാന്‍ 4ന്റെ കഥയെ കുറിച്ച് വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും മാര്‍ക്ക് റുഫല്ലോയുടെ ഹള്‍ക്കാണ് ചിത്രത്തിലെ പ്രധാന വില്ലനെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം ഷാങ് ചി ആന്‍ഡ് ദ ലെജന്‍ഡ് ഓഫ് ടെന്‍ റിംഗ്സ് എന്ന സിനിമയുടെ സംവിധായകനായ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. 2025 പകുതിയോടെ സ്‌പൈഡര്‍ മാന്‍ 4ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ ടോം ഹോളണ്ട് അറിയിച്ചിരുന്നു.