

പ്രഭാസ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സ്പിരിറ്റ്'. അടുത്ത വർഷം മാർച്ച് അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ, ഈ റിലീസ് തീയതിയിൽ മാറ്റം വന്നിരിക്കുന്നു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' തിയേറ്ററുകളിലെത്താൻ അൽപ്പം വൈകും. അടുത്ത വർഷം ഒക്ടോബർ 29ന് ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ചിത്രമെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീളമുള്ള മുടിയും കട്ടിത്താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസിനെ അവതരിപ്പിച്ചിരുന്നത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും ഫസ്റ്റ് ലുക്കിൽ കാണാം. മുഖം വ്യക്തമാകാത്ത രീതിയിൽ കുറത്ത കണ്ണാടിയും തൊപ്പിയും ധരിച്ച പ്രഭാസാണ് റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിലുള്ളത്.
'അർജുൻ റെഡ്ഡി', 'അനിമൽ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്കയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസിനും തൃപ്തിക്കും പുറമേ, വിവേക് ഒബ്റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത് എന്നാണ് സൂചന.
സന്ദീപ് റെഡ്ഡി വാങ്ക രചനയും എഡിറ്റിങ്ങും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാങ്ക, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാങ്ക എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം കൂടാതെ മാൻഡറിൻ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ചിത്രം പുറത്തിറക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് വിവരം.