കൊച്ചി: ബോക്‌സ് ഓഫീസ് പ്രവചനങ്ങളെയും രൺവീർ സിംഗ് ചിത്രം 'ധുരന്ധറി'ന്റെ കുതിപ്പിനേയും മറികടന്ന് ശ്രീറാം രാഘവൻ ഒരുക്കിയ വാർ ഡ്രാമ 'ഇക്കിസ്'. അഗസ്ത്യ നന്ദ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യദിനം ഏഴ് കോടി രൂപയാണ് (നെറ്റ്) നേടിയത്. ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ചതിലും മൂന്നിരട്ടി കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയത്.
ജനുവരി ഒന്ന്, പുതുവത്സര ദിനത്തിൽ രാജ്യത്താകമാനം 4,000 സക്രീനുകളിലാണ് 'ഇക്കിസ്' റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ ലഭിച്ച നല്ല അഭിപ്രായമാണ് സിനിമയ്ക്ക് തുണയായത്. ബോക്‌സ് ഓഫീസ് കളക്ഷൻ ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 12 ശതമാനം ഒക്കുപ്പൻസിയാണ് മോണിങ് ഷോകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ, വൈകുന്നേരത്തേക്ക് ഇത് 47 ശതമാനമായി ഉയർന്നു.
1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, ബസന്തറിലെ പോരാട്ടത്തിൽ വീരമൃത്യു വരിച്ച 21 വയസുകാരൻ സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേതർപാലിന്റെ ജീവിതകഥയാണ് 'ഇക്കിസ്' പറയുന്നത്. അഗസ്ത്യ നന്ദയാണ്, മരണാനന്തരം രാജ്യം പരമവീരക്രം നൽകി ആദരിച്ച ഈ സൈനികന്റെ വേഷത്തിലെത്തുന്നത്. ധർമേന്ദ്ര, ഗോവർദ്ധൻ അസ്രാനി എന്നിവർ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സിനിമയിൽ അഗസ്ത്യയുടെ പിതാവിന്റെ റോളാണ് ധർമേന്ദ്ര അവതരിപ്പിക്കുന്നത്. ജയ്‌ദീപ് അഹ്ലാവത്ത്, ദീപക് ഡോബ്രിയാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രശസ്ത ഛായാഗ്രഹകൻ അനിൽ മേത്ത ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മോനിഷ ആർ. ബൽദാവ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനിങ് - മയൂർ ശർമ, മുസ്തഫ സ്റ്റേഷൻവാല, സുജിത് സുഭാഷ് സാവന്ത്, ശ്രീറാം കണ്ണൻ അയ്യങ്കാർ. ശബ്ദലേഖനം - ബിശ്വദീപ് ചാറ്റർജി, ഗാനങ്ങളും പശ്ചാത്തല സംഗീതവും - വൈറ്റ് നോയിസ് കളക്ടീവ്സ് സെക്കൻഡ്.