
ഇന്ത്യന്‍ ചരിത്രത്തെയും പുരാണങ്ങളെയും തന്റെ സിനിമാറ്റിക് കാഴ്ചകളുമായി സംയോജിപ്പിക്കുന്നതില്‍ പ്രശസ്തനാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ SSMB29നും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രവും പുരാണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്. രാമായണത്തിലെ ഐതിഹാസിക സസ്യമായ മൃതസഞ്ജീവനി തേടിയുള്ള യാത്രയെ കുറിച്ചാണ് സിനിമയെന്നാണ് പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
"മരിച്ചവരെ പുനര്‍ജീവിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ഐതിഹാസിക സസ്യമായ മൃതസഞ്ജീവനി തേടി മഹേഷ് ബാബു ലോകമെമ്പാടും സഞ്ചരിക്കുകയാണ് സിനിമയില്‍ ചെയ്യുന്നത്. ഇത് ഇന്ത്യാന ജോണ്‍സ് പോലെയുള്ള ഒരു സാഹസിക ആക്ഷന്‍ ചിത്രമാണ്", എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. "രാജമൗലിയും അദ്ദേഹത്തിന്റെ പിതാവും മുതിര്‍ന്ന തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്ര പ്രസാദും രാമായണത്തിലെ സങ്കീര്‍ണമായ ആഖ്യാനത്തെ ഇഴചേര്‍ത്താണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ അത്യാധുനിക വിഷ്വല്‍ ഇഫക്ടുകളും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും", എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാമായണത്തില്‍, രാവണന്റെ മകനായ ഇന്ദ്രജിത്ത്, ലക്ഷ്മണനെ വധിക്കുമ്പോള്‍, ഹനുമാന്‍ സഞ്ജീവനി തേടി ഹിമാലയത്തിലേക്ക് പോകുന്നുണ്ട്. സസ്യം തിരിച്ചറിയാന്‍ കഴിയാതെ വന്ന ഹനുമാന്‍, മലയുടെ ഒരു ഭാഗം മുഴുവന്‍ പിഴുതെടുത്ത് ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ലങ്കയിലേക്ക് തിരികെ കൊണ്ടു വന്നുവെന്നാണ് ഇതിഹാസം.
രാമായണവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒഡീഷയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. അതേസമയം ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളും ഇതുവരെ വന്നിട്ടില്ല.