"പടങ്ങളിലും പ്രസ് മീറ്റുകളിലും ഒതുങ്ങില്ല ഈ സിനിമ"; ആദ്യ അപ്‌ഡേറ്റിനായി നവംബര്‍ വരെ കാത്തിരിക്കണമെന്ന് രാജമൗലി

മഹേഷ് ബാബുവിന്റെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ അപ്‌ഡേറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
S.S. Rajamouli and Mahesh Babu
എസ്.എസ്. രാജമൗലി, മഹേഷ് ബാബു Source : Facebook
Published on

മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മഹേഷ് ബാബുവിന്റെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ അപ്‌ഡേറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിറന്നാള്‍ ദിനമായ ഇന്ന് സിനിമയുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുവരില്ലെന്ന് അറിയിച്ചിരിക്കുകയാണ് രാജമൗലി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അറിയിപ്പ്.

"ഇന്ത്യയിലെയും ലോകത്തെയും സിനിമാ പ്രേമികളോടും മഹേഷിന്റെ ആരാധകരോടും. ഞങ്ങള്‍ ചിത്രീകരണം ആരംഭിച്ചിട്ട് കുറച്ചായി അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് അറിയാനുള്ള നിങ്ങളുടെ ആകാംഷയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ സിനിമയുടെ കഥയും വ്യാപ്തിയും വളരെ വിശാലമാണ്. ചിത്രങ്ങള്‍ക്കോ വാര്‍ത്താ സമ്മേളനത്തിനോ അതിനോട് നീതി പുലര്‍ത്താനാവില്ല", രാജമൗലി കുറിച്ചു.

"ഞങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ വ്യാപിതിയും ആത്മാവും കൃത്യമായി നിങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് 2025 നവംബറില്‍ നിങ്ങളിലേക്ക് എത്തും. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വലിയ അപ്‌ഡേറ്റാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്", എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മഹേഷ് ബാബുവിന് പുറമെ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവരും ചിത്രത്തിലുണ്ട്. രാജമൗലി തന്റെ മുന്‍ ബ്ലോക്ക്ബസ്റ്ററുകളെപ്പോലെ തന്നെ ഇതിനെയും വമ്പന്‍ ചിത്രമാക്കി മാറ്റാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് സൂചന. മഹേഷ് ബാബു നായകനാകുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗം 2027 ലും രണ്ടാം ഭാഗം 2029 ലും റിലീസ് ചെയ്യും. ചിത്രത്തിന്റെ താല്‍ക്കാലിക പേരിനെക്കുറിച്ച് കാര്യമായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com