"സിങ്കത്തിൽ മാസ് മസാല പൊലീസുകാരനെ സൂര്യ കാട്ടിത്തന്നു, 'സീനി'നായി കാത്തിരിക്കുന്നു"; ജിത്തു മാധവൻ ചിത്രത്തിന് ആശംസകളുമായി രാജമൗലി

നവംബർ ആറിനാണ് 'സീൻ' ലോകവ്യാപകമായി തിയേറ്ററുകളിലേക്ക് എത്തുന്നത്
"സിങ്കത്തിൽ മാസ് മസാല പൊലീസുകാരനെ സൂര്യ കാട്ടിത്തന്നു, 'സീനി'നായി കാത്തിരിക്കുന്നു"; ജിത്തു മാധവൻ ചിത്രത്തിന് ആശംസകളുമായി രാജമൗലി
Published on: 
Updated on: 

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീനി'ന് ആശംസകൾ നേർന്ന് സംവിധായകൻ എസ്.എസ്. രാജമൗലി. സിനിമയ്ക്കായി താൻ കാത്തിരിക്കുകയാണെന്ന് രാജമൗലി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. രാജമൗലിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.

'സിങ്കം' സിനിമകളിലൂടെ മാസ് മസാല പൊലീസ് ഓഫീസർ എന്താണെന്ന് പ്രേക്ഷകർക്ക് കാട്ടിക്കൊടുത്ത സൂര്യയുടെ 'സീനി'ലെ പുതിയ മുഖം കാണാൻ താൻ കാത്തിരിക്കുകയാണെന്നാണ് രാജമൗലി പറഞ്ഞത്. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിൽ രാജമൗലി സൂര്യയെ അഭിനന്ദിച്ചു. നടന്റെ തുടർച്ചയായ വിജയങ്ങളെ "ഡബിൾ ധമാക്ക" എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.

"സിങ്കത്തിൽ മാസ് മസാല പൊലീസുകാരനെ സൂര്യ കാട്ടിത്തന്നു, 'സീനി'നായി കാത്തിരിക്കുന്നു"; ജിത്തു മാധവൻ ചിത്രത്തിന് ആശംസകളുമായി രാജമൗലി
'സീനി'ൽ സൂര്യ കാഴ്ചാപരിമിതിയുള്ള പൊലീസുകാരൻ, സൈക്കോ വില്ലനായി നസ്‌ലൻ? ഫാൻ തിയറികൾ ഇങ്ങനെ

നവംബർ ആറിനാണ് 'സീൻ' ലോകവ്യാപകമായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടെയ്‌ൻമെന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റർടെയ്‌നർ നിർമിക്കുന്നത്. സഹനിർമാതാവ് ജയശ്രീ ദാമോദരൻ. സൂര്യക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്.

വമ്പൻ പ്രേക്ഷക പ്രതികരണമാണ് 'സീൻ' ടൈറ്റിൽ ടീസറിന് ആരാധകരിൽ നിന്നും സിനിമാപ്രേമികളിൽ നിന്നും ലഭിച്ചത്. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളുമുള്ള ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകിയ സൂചന. ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസർ ആയിട്ടാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസറിലെ സൂര്യയുടെ ഡയലോഗുകളും ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്.

'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം, 'സീനി'ലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'സീൻ'. ടീസറിലെ സുഷിന്റെ പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

News Malayalam 24x7
newsmalayalam.com