താരങ്ങളുടെ പ്രതിഫലം 35 കോടി, ഓപ്പണിങ് കളക്ഷന്‍ 3.5 കോടി; ബോളിവുഡ് പ്രതിസന്ധിയില്‍ കരണ്‍ ജോഹര്‍

കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡ് സിനിമകളുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്
കരണ്‍ ജോഹര്‍
കരണ്‍ ജോഹര്‍
Published on

ബോളിവുഡ് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ പ്രതികരണവുമായി നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ആദ്യദിന കളക്ഷനില്‍ മൂന്നരക്കോടി രൂപ പോലും നേടാനാകാത്ത താരങ്ങള്‍ പ്രതിഫലമായി 35 കോടി രൂപയാണ് ആവശ്യപ്പെടുന്നതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. യൂട്യൂബര്‍ ഫയേ ഡിസൂസയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

"35 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഓപ്പണിങ് കളക്ഷനായി 3.5 കോടി രൂപ മാത്രമാണ് നേടുന്നത്. ഈ കണക്കെങ്ങനെ ശരിയാകും. ജവാനും പത്താനും വിജയിച്ചുവെന്ന് കരുതി നമ്മൾ ആക്ഷൻ ചിത്രങ്ങൾ മാത്രം ചെയ്യണോ? എല്ലാവരും ആ വഴിക്ക് ഓടുകയാണ്. അപ്പോൾ പെട്ടെന്ന് ഒരു പ്രണയകഥ വിജയിക്കും. ബോളിവുഡ് എന്തുചെയ്യണമെന്നറിയാതെ പായുകയാണ് " കരൺ ജോഹർ പറഞ്ഞു.

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ മാത്രം ഓടിയതുകൊണ്ട് സിനിമ സാമ്പത്തികമായി വിജയിക്കണമെന്നില്ല. ടയര്‍ 2 നഗരങ്ങളെയും ചെറിയ പട്ടണങ്ങളെയും അവഗണിക്കുമ്പോള്‍ സിനിമയ്ക്ക് വലിയ ബിസിനസ് നടക്കില്ല. മാത്രമല്ല സിനിമയുടെ നിര്‍മാണച്ചെലവ് കൂടിയെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡ് സിനിമകളുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കരണ്‍ ജോഹര്‍ കൂടി നിര്‍മാണ പങ്കാളിയായ 'കില്‍' മികച്ച പ്രേക്ഷക പ്രതികരണം നേടുന്നത് ബോളിവുഡിന്‍റെ തിരിച്ചുവരവിന് പ്രതീക്ഷ നല്‍കുന്നു. ലക്ഷ്യ ലാല്‍വാനി, രാഘവ് ജുയാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിഖില്‍ ഭട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. തീവ്രമായ വയലന്‍സ് രംഗങ്ങളും സംഘട്ടന രംഗങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചന ടീസറില്‍ നിന്ന് ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും അക്രമാസാക്തമായ സിനിമയാകും കില്‍ എന്ന് അണിയറ പ്രവര്‍ത്തകരും പ്രഖ്യാപിച്ച് കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com