
ആമിര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാന്‍റെ അരങ്ങേറ്റ ചിത്രമായ മഹാരാജിന്‍റെ റിലീസ് തടഞ്ഞിരിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കം എന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്താണ് രംഗത്തെത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി സിനിമയുടെ റിലീസ് ജൂണ്‍ 18 വരെ തടയാന്‍ ഉത്തരവിട്ടു. ട്രെയിലറോ ടീസറോ പുറത്തുവിടാതെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതും സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ സ്വഭാവം പരിഗണിച്ചാണെന്നും വാദമുണ്ട്.
ബ്രിട്ടീഷ് ഭരണ കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജിയുടെ ജീവിതമാണ് മഹാരാജ് പറയുന്നത്. അക്കാലത്ത് ഏറെ വിവാദമായ 1862ലെ മഹാരാജ് ലൈബല്‍ കേസും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് വിവരം. വല്ലഭ സമ്പ്രദായം പിന്തുടരുന്ന വിശ്വാസി സമൂഹത്തിലെ ആരാധനാ സമ്പ്രദായങ്ങളെ ചോദ്യം ചെയ്ത് കര്‍സന്‍ദാസ് മുല്‍ജി നടത്തിയ നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ എല്‍ഫിന്‍സ്‌റ്റോണ്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന മുല്‍ജി, പണ്ഡിതനും സ്വാതന്ത്രസമര പോരാളിയുമായിരുന്ന ദാദാഭായ് നവറോജിയുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നു. സാമൂഹിക വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ തന്‍റെ ലേഖനങ്ങളിലൂടെ അദ്ദേഹം നിരന്തരം ചോദ്യം ചെയ്തിരുന്നു.വിധവ പുനര്‍വിവാഹത്തെക്കുറിച്ച് ആ കാലത്ത് മുല്‍ജി എഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു.
എന്താണ് വല്ലഭ സമ്പ്രദായം ?
പതിനാറാം നൂറ്റാണ്ടില്‍ വൈഷ്ണവ ആചാര്യനായിരുന്ന വല്ലഭാചാര്യന്‍ സ്ഥാപിച്ച ആരാധനാ രീതിയാണ് വല്ലഭ സമ്പ്രദായം. 'പുഷ്ടി മാര്‍ഗ്' എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പരിപോഷിപ്പിക്കുന്ന പാത എന്നാണ് പുഷ്ടി മാര്‍ഗം അര്‍ത്ഥമാക്കുന്നത്. ശ്രീകൃഷ്ണനാണ് പ്രധാന ആരാധനാ മൂര്‍ത്തി. വൈഷ്ണവരില്‍ വലിയൊരു വിഭാഗം പുഷ്ടി മാര്‍ഗം പിന്തുടര്‍ന്നിരുന്നു.
എന്താണ് 1862-ലെ മഹാരാജ് ലൈബല്‍ കേസ് ?
ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന പ്രമാദമായ നിയമ വ്യവഹാരങ്ങളിലൊന്നാണ് 1862 ല്‍ ബോംബെ ഹൈക്കോടതിയില്‍ നടന്ന മഹാരാജ് ലൈബല്‍ കേസ്. 1855-ല്‍ പരിഷ്കരണ ചിന്താഗതിയുടെ ചില സമ്പന്ന വ്യക്തികളുടെ പിന്തുണയോടെ കര്‍സന്‍ദാസ് മുല്‍ജി 'സത്യപ്രകാശ്'എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു. കാലഹരണപ്പെട്ട ആചാരങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയായിരുന്നു മാസികയുടെ ലക്ഷ്യം. വൈഷ്ണവനായ കര്‍സന്‍ദാസ് ആചാരങ്ങളുടെ പേരില്‍ വൈഷ്ണവ പുരോഹിതര്‍ വിശ്വാസികളായ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് തന്‍റെ ലേഖനങ്ങളിലൂടെ തുറന്നുകാട്ടാന്‍ തുടങ്ങി.
വൈഷ്ണവ വിശ്വാസികളില്‍ പുഷ്ടിമാര്‍ഗ് സമ്പ്രദായത്തെ പിന്തുടര്‍ന്നവരെയും അവരുടെ മുഖ്യ പുരോഹിതന്മാരായ 'മഹാരാജ' മാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു മുല്‍ജിയുടെ ലേഖനം. ആചാരങ്ങളുടെ മറവില്‍ മഹാരാജമാര്‍ വിശ്വാസികളായ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ലേഖനത്തിലൂടെ ആരോപിച്ചു.വല്ലഭാചാര്യയുടെ ചെറുമകനായ ഗോകുല്‍നാഥ് എഴുതിയ പുസ്തകം അധാര്‍മികതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമര്‍ശനവും മുല്‍ജിയുടെ ലേഖനത്തില്‍ ഉണ്ടായിരുന്നു. ഗോകുല്‍നാഥിന്റെ പുസ്‌കതത്തില്‍ മഹാരാജമാരെ സന്തോഷിപ്പിക്കാനായി അവര്‍ക്ക് തങ്ങളുടെ ഭാര്യമാരെയും പുത്രിമാരെയും കാഴ്ച്ചവയ്ക്കാന്‍ പുഷ്ടിമാര്‍ഗിലെ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മുല്‍ജി ചൂണ്ടിക്കാണിക്കുന്നുണ്ട്. നാണംകെട്ടതും മാന്യതയില്ലാത്തതുമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ മുല്‍ജി തന്റെ ലേഖനത്തില്‍ ശക്തമായി പ്രതിഷേധിച്ചു. പുഷ്ടി മാര്‍ഗിലെ പ്രധാന മഹാരാജ് ആയ ജദുനാഥ് മഹാരാജിനെതിരെയായിരുന്നു ഈ ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടിയത്.
ലേഖനം പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും ചര്‍ച്ചയായതോടെ ജദുനാഥ് മഹാരാജ് ലേഖകനായ മുല്‍ജിക്കും സത്യപ്രകാശിന്റെ പ്രസാധകനായ നാനാഭായ് റുസ്‌തോംജി റനിനയ്ക്കും എതിരേ കേസ് കൊടുത്തു. ഒരു ബ്രാഹ്‌മണനും ഉന്നതനായ ഹിന്ദു വൈദികനുമായ തന്നെ പൊതുമധ്യത്തില്‍ അപമാനിച്ചതിനും വല്ലഭാചാര്യ സമ്പ്രദായത്തെയും ബോംബെയിലെ മൊത്തം ഹിന്ദുക്കളെയും നാണം കെടുത്തിയതിനും മുല്‍ജിയും നാനാഭായിയും 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ജദുനാഥ് കേസ് ഫയല്‍ ചെയ്തത്.
ഭാട്ടിയ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു ജദുനാഥിന്‍റെ ശിഷ്യരില്‍ അധികവും. ഇവരില്‍ ആരെങ്കിലും കോടതിയിൽ സാക്ഷി പറഞ്ഞാൽ താൻ കുഴപ്പത്തിലാകുമെന്ന് ഭയന്ന മഹാരാജ് ബോംബെയിലെ മുഴുവൻ ഭാട്ടിയ സമൂഹത്തെയും വിളിച്ചുകൂട്ടി, തനിക്കെതിരെ സാക്ഷ്യം പറയുന്നവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സംഭവം അറിഞ്ഞതോടെ കേസ് അട്ടിമറിക്കാന്‍ ഭാട്ടിയ സംഘം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കര്‍സന്‍ദാസ് മുല്‍ജി മാനനഷ്ടകേസിന്‍റെ വിചാരണ ആരംഭിക്കും മുന്‍പ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ വാദം കേട്ട ജസ്റ്റിസ് ജോസഫ് അർണോൾഡ് രണ്ട് മുൻനിര ഭാട്ടിയ നേതാക്കള്‍ക്ക് 1000 രൂപ വീതവും മറ്റ് ഏഴ് പ്രതികൾക്ക് 500 രൂപ വീതവും പിഴ ചുമത്തി.കേസ് ചെലവായി 1,000 രൂപയും അദ്ദേഹം കർസന്‌ദാസിന് നൽകി.
1962 ജനുവരി 25-നാണ് മാനനഷ്ട കേസിലെ വിചാരണ ആരംഭിക്കുന്നത്. വാദം കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമായിരുന്നു കോടതിയില്‍ തടിച്ചുകൂടിയത്. പ്രശസ്ത അഭിഭാഷകന്‍ തോമസ് ചിഷോം ആന്‍സ്‌റ്റെ ആയിരുന്നു മുല്‍ജിയുടെ അഭിഭാഷകന്‍. സര്‍. ലിറ്റില്‍ടണ്‍ ഹോളിയോക് ബെയ്‌ലി ആയിരുന്നു മഹാരാജിന്റെ വക്കീല്‍. കേസിന്റെ വിചാരണയ്ക്കിടയില്‍ 31 പേര്‍ വാദിഭാഗത്ത് നിന്നും 33 പേര്‍ പ്രതിഭാഗത്ത് നിന്നും വിസ്തരിക്കപ്പെട്ടു. വാദിയായ ജദുനാഥ് മഹാരാജും കോടതിയില്‍ ഹാജരായി.
വാറന്‍ ഹാസ്റ്റിംഗ് കേസ് വിചാരണയ്ക്ക് ശേഷം ആധുനിക കാലത്ത് നടന്ന ഏറ്റവും പ്രമാദമായ വിചാരണയായി മഹാരാജ് ലൈബല്‍ കേസ് അറിയപ്പെട്ടു.1862 ഏപ്രില്‍ 22ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ മാത്യു റിച്ചാര്‍ഡ് സോസ്സെയും ജസ്റ്റിസ് ജോസഫ് അര്‍നോള്‍ഡും കേസില്‍ വിധി പ്രസ്താവിച്ചു. ചരിത്രപരമായ ഈ വിധിയെ സിനിമയില്‍ ഏത് വിധത്തിലാകും അണിയറക്കാര്‍ അവതരിപ്പിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്. നിയമത്തിന് കീഴിൽ പുരോഹിതർ ഉൾപ്പെടെ എല്ലാവരും തുല്യരാണെന്ന സുപ്രധാന സന്ദേശം സ്ഥാപിക്കുന്നതിൽ ഈ കേസ് നിർണായകമായ ഒരു ദൃഷ്ടാന്തമായി മാറി.