രണ്‍ബീര്‍- ആലിയ ദമ്പതികളുടെ മകള്‍ കേട്ടുറങ്ങുന്ന ' ഉണ്ണി വാവാവോ' മോഹന്‍ സിത്താര പനി ചൂടില്‍ ഈണമിട്ട പാട്ട് കൈതപ്രത്തിന്‍റെ മലയാളം പാട്ട്

ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ 'ഓമനത്തിങ്കള്‍ക്കിടാവോ' കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും ജനകീയമായ ഈ താരാട്ട് പാട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ രചനയില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തിലാണ് പിറവിയെടുത്തത്
രണ്‍ബീര്‍- ആലിയ ദമ്പതികളുടെ മകള്‍ കേട്ടുറങ്ങുന്ന ' ഉണ്ണി വാവാവോ'  മോഹന്‍ സിത്താര പനി ചൂടില്‍ ഈണമിട്ട പാട്ട് 

കൈതപ്രത്തിന്‍റെ മലയാളം പാട്ട്
Published on

ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും മകള്‍ റാഹ എന്നും കേട്ടുറങ്ങുന്ന താരാട്ട് പാട്ട് ഒരു മലയാള സിനിമ ഗാനമാണെന്ന കാര്യം ഏറെ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മകളെ പരിചരിക്കാന്‍ വന്ന സ്ത്രീ റാഹയെ ഉറക്കാന്‍ പാടിയത് 1991-ല്‍ സിബി മലയിലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാന്ത്വനത്തിലെ 'ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ'എന്ന ഗാനമാണ്. മകളെ ഉറക്കാന്‍ രണ്‍ബീറിനും തനിക്കും ആ പാട്ട് പഠിക്കേണ്ടി വന്നെന്നും ആലിയ ഒരു ടിവി പരിപാടിക്കിടെ പറഞ്ഞത് വൈറലായതോടെ യൂട്യൂബില്‍ ഭാഷാഭേമില്ലാതെ പലരും 'ഉണ്ണി വാവാവോ'യെ തേടിയെത്തി.

ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ 'ഓമനത്തിങ്കള്‍ക്കിടാവോ' കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും ജനകീയമായ ഈ താരാട്ട് പാട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ രചനയില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തിലാണ് പിറവിയെടുത്തത്. കെ.എസ്. ചിത്രയുടെ സ്വരമാധുരിയില്‍ പിറന്ന ഗാനം സിനിമയില്‍ പാടി അഭിനയിച്ചത് നടി മീനയാണ്. ഭാരതിയും നെടുമുടി വേണുവും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ചിത്രയ്ക്ക് പുറമെ യേശുദാസിന്‍റെയും ശബ്ദത്തിലും 'ഉണ്ണി വാവാവോ' റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രയുടെ ശബ്ദത്തില്‍ വാത്സല്യമാണ് ആസ്വദകന് അനുഭവിക്കാന്‍ കഴിയുന്നതെങ്കില്‍ യേശുദാസ് പാടിയപ്പോള്‍ അതിന് ഒരു ശോകഭാവം കൂടി വന്നുചേര്‍ന്നു.

പനിചൂടില്‍ പിറന്ന ഈണം...

സാന്ത്വനം സിനിമയിലെ നിര്‍ണായക ഘടകമായി മാറിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ആലുവ പാലസിലെത്തിയ മോഹന്‍സിത്താര രാത്രി ഉറക്കത്തിനിടെ കണ്ണുതുറന്നപ്പോള്‍ വാതില്‍പാളിക്കപ്പുറത്ത് ഒരു സ്ത്രീരൂപം കണ്ട് ഞെട്ടിവിറച്ചു. പിറ്റേന്ന് ഉറക്കമെഴുന്നേറ്റപ്പോള്‍ കടുത്ത പനി. എഴുന്നേറ്റ് ഇരിക്കാന്‍ പോലും ആവാത്ത അവസ്ഥ. രണ്ട് ദിവസത്തിന് ശേഷം ആ ക്ഷീണവും കൊണ്ട് ട്യൂണ്‍ ചെയ്യാനിരുന്നു. എത്ര ചെയ്തിട്ടും ഈണം ശരിയാകുന്നില്ല. കുട്ടിക്കാലത്ത് അമ്മയുടെ മടിയില്‍ കിടന്ന് കേട്ട താരാട്ട് പാട്ടുകളുടെ ഈണം മനസിലേക്ക് ഒഴുകിയെത്തി. അങ്ങനെ ഉണ്ടായ ഈണമാണ് 'ഉണ്ണി വാവാവോ' യുടെത്. കൈതപത്രത്തിന്‍റെ മനോഹരമായ വരികളും കൂടി ആയതോടെ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങ് നടന്നു. ശങ്കരാഭരണം രാഗത്തിന്‍റെ ഛായയില്‍ കേള്‍ക്കുന്നവര്‍ക്ക് ഒരു മൂളിപ്പാട്ട് പാടും പോലെ ലളിതമായിരിക്കണം ഈ പാട്ടിന്‍റെ ഈണമെന്ന് മോഹന്‍ സിത്താരക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

താരാട്ട് പാട്ടിന്‍റെ ലാളിത്യത്തിന് യോജിക്കും വിധം വലിയ ശബ്ദഘോഷങ്ങളിലാതെ തബല, ഡോലക്, പുല്ലാങ്കുഴല്‍, വീണ, വയലിന്‍ എന്നിവ ഉപയോഗിച്ചുള്ള ഓര്‍ക്കസ്ട്രേഷനാണ് പാട്ടിന്‍റെ മറ്റൊരു ഹൈലൈറ്റ്. ചിത്രയുടെ വേര്‍ഷനില്‍ ആനന്ദവും യേശുദാസിന്‍റെ വേര്‍ഷനില്‍ ദുഃഖവുമാണ് പാട്ടിന്‍റെ മൂഡ്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഓര്‍ക്കസ്ട്രേഷനില്‍ മോഹന്‍ സിത്താര വരുത്തുകയും ചെയ്തു.

'ഉണ്ണി വാവാവോ'യ്ക്ക് പുറമെ സാന്ത്വനത്തിലെ 'സ്വരകന്യകമാർ വീണമീട്ടുകയായി' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബില്‍ ഒന്നരക്കോടിയോളം പേരാണ് 'ഉണ്ണി വാവാവോ' ഇതിനോടകം കേട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com