സൂര്യയെ പോലെയല്ല അക്ഷയ്, അതെനിക്ക് ഒരുപാട് ഗുണം ചെയ്തു: സുധാ കൊങ്കര

തമിഴില്‍ നിന്ന് ഹിന്ദിയിലേക്ക് വരുമ്പോള്‍ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും വന്ന മാറ്റങ്ങളെ കുറിച്ച് ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സുധാ കൊങ്കര പറഞ്ഞിരുന്നു
സുധാ കൊങ്കാര, അക്ഷയ് കുമാര്‍, സൂര്യ
സുധാ കൊങ്കാര, അക്ഷയ് കുമാര്‍, സൂര്യ
Published on

സൂര്യയെ നായകനാക്കി സുധാ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്ക് സര്‍ഫിറ ജൂലൈ 12ന് തീയേറ്ററുകളിലെത്തുകയാണ്. സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്ത റോളില്‍ ഹിന്ദിയില്‍ എത്തുന്നത് അക്ഷയ് കുമാറാണ്. ഇന്ത്യന്‍ എവിയേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡെക്കാന്‍ എയറിന്‍റെ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതമാണ് സിനിമ പറയുന്നത്. തമിഴില്‍ നിന്ന് ഹിന്ദിയിലേക്ക് വരുമ്പോള്‍ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും വന്ന മാറ്റങ്ങളെ കുറിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സുധാ കൊങ്കര സംസാരിച്ചിരുന്നു. 

"തമിഴ് വളരെ വേഗത്തില്‍ സംസാരിക്കാന്‍ കഴിയുന്ന ഭാഷയാണ്, പക്ഷെ ഹിന്ദി, വളരെ സാവധാനം മാത്രം സംസാരിക്കാന്‍ കഴിയുന്ന ഭാഷയാണെന്ന് എനിക്ക് ബോധ്യമായി. രണ്ടും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. സിനിമയിലെ അഭിനേതാക്കളായ സീമ ബിശ്വാസും രാധിക മദനും സിനിമയെ പുതിയതാക്കി. ഒരേ സിനിമയാണ് വീണ്ടും ചെയ്യുന്നതെന്ന തോന്നല്‍ ഉണ്ടായില്ല "- സുധ പറഞ്ഞു.

അക്ഷയ് കുമാറിലേക്ക് വന്നാല്‍ സൂര്യയെ അപേക്ഷിച്ച് അദ്ദേഹം കുറച്ചുകൂടി കഥയ്ക്ക് പുറത്തിറങ്ങി കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നയാളാണ്. സൂര്യ കൂടുതല്‍ ആഴത്തിലും ഗാഢമായും ശാന്തതയോടെയും അഭിനയിക്കുന്ന നടനാണ്. രണ്ട് പേരുടെയും പ്രകടനം തീര്‍ത്തും വ്യത്യസ്തമാണ്. നായികയെ പ്രപ്പോസ് ചെയ്യുന്ന സീനില്‍ അക്ഷയ് കുമാര്‍ കുറച്ച് ഊര്‍ജസ്വലനായാണ് കാണപ്പെടുന്നത്. സൂര്യയാകട്ടെ കുറച്ച് ഉള്‍വലിഞ്ഞു നില്‍ക്കുന്ന സ്വഭാവക്കാരുനുമാണ്. അതുകൊണ്ട് സ്വാഭാവികമായും കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തത വന്നു. അത് തനിക്ക് ഗുണകരമായെന്ന് സുധ പറഞ്ഞു.

അഭിനേതാക്കള്‍ അവരുടെതായ രീതിയിലാണ് കഥാപാത്രങ്ങളെ സമീപിച്ചത്. പ്രോസസ് വെറെ ആണെങ്കിലും എന്താണോ വേണ്ടത് അത് അവസാനം കിട്ടി. സൂര്യ ധാരാളം തയാറെടുപ്പുകള്‍ കഥാപാത്രങ്ങള്‍ക്കായി നടത്തുന്നയാളാണെന്ന് എനിക്കറിയാം. ഓരോ ടേക്ക് എടുക്കുമ്പോഴും തന്‍റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വീണ്ടും റീ ടേക്കുകള്‍ സൂര്യ ആവശ്യപ്പെടും. എന്നാല്‍ അക്ഷയ് അങ്ങനെയല്ല. തന്‍റെ ആദ്യ ഷോട്ട് ആയിരിക്കും എപ്പോഴും ബെസ്റ്റ് ഷോട്ട് എന്നാണ് അക്ഷയ് പറയുക. പക്ഷെ വീണ്ടും നാലും അഞ്ചും ടേക്കുകള്‍ എടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രകടനം മെച്ചപ്പെടുന്നതായി എനിക്ക് തോന്നിയെന്നും സുധ കൂട്ടിച്ചേര്‍ത്തു.

സുധയും ശാലിനി ഉഷാദേവിയും ചേർന്ന് തയാറാക്കിയ തിരക്കഥയില്‍ പൂജ തോലാനിയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം നിർവ്വഹിച്ച 'സർഫിറ' നിർമിച്ചിരിക്കുന്നത് അരുണ ഭട്ടിയ (കേപ് ഓഫ് ഗുഡ് ഫിലിംസ്), സൂര്യയും ജ്യോതികയും (2ഡി എൻ്റർടൈൻമെൻ്റ്) വിക്രം മൽഹോത്രയും (അബുണ്ടൻ്റിയ എൻ്റർടെയ്ൻമെൻ്റ്) ചേർന്നാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com