കൊച്ചി: സിനിമാ മേഖലയിലെ അസമത്വങ്ങളെക്കുറിച്ച് തുറന്നടിച്ച് ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കര. സമാനമായ വലിയ പ്രോജക്ടുകൾ ചെയ്യുമ്പോഴും പുരുഷ സംവിധായകർക്ക് ലഭിക്കുന്നതിന്റെ പകുതി പ്രതിഫലം മാത്രമേ തനിക്ക് ലഭിക്കുന്നുള്ളൂ എന്ന് സുധ വെളിപ്പെടുത്തി.
ഒരു പുരുഷ സംവിധായകന് 100 കോടി രൂപ പ്രതിഫലം ലഭിക്കുമ്പോൾ, അതേ അധ്വാനത്തിന് തനിക്ക് കിട്ടുന്നത് 50 കോടി രൂപ മാത്രമെന്ന് സുധ കൊങ്കര പറഞ്ഞു. അവർ ചെയ്യുന്ന അതേ അധ്വാനം താനും ചെയ്യുന്നുണ്ട്, അതിനാൽ പ്രതിഫലത്തിലെ തുല്യതയ്ക്കായി പോരാടുമെന്നും സംവിധായിക വ്യക്തമാക്കി. നടിമാരുടെ കാര്യത്തിലും സമാനമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് സംവിധായിക കൂട്ടിച്ചേർത്തു.
മണിരത്നം, ബാലാജി എന്നിങ്ങനെ പ്രഖുഖ സംവിധായകരുടെ സഹായിയായി കരിയർ തുടങ്ങിയ സുധ, 'ഇരുധി സുട്ര്', 'സൂരറൈ പോട്ര്' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. സൂര്യ നായകനായ 'സൂരറൈ പോട്ര്' എന്ന സിനിമ ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശിവകാർത്തികേയൻ നായകനായ 'പരാശക്തി'യാണ് സുധ കൊങ്കരയുടെ ഏറ്റവും പുതിയ ചിത്രം. സിനിമ ഇന്ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് UA സർട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയിൽ നിരവധി കട്ടുകൾ വരുത്തിയ ശേഷമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്.
1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സുധ കൊങ്കര 'പരാശക്തി' ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയന്റെ 25ാമത് ചിത്രമായ 'പരാശക്തി'യിൽ രവിമോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രവി കെ ചന്ദ്രന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. സതീഷ് സൂര്യ ആണ് എഡിറ്റിങ്ങ്. ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.
കലാസംവിധാനം: എസ്. അണ്ണാദുരൈ, വരികൾ: യുഗഭാരതി, ഏകദേശി, അറിവ്, കബീർ വാസുകി, ജയശ്രീ മതിമാരൻ, അഡീഷണൽ സ്ക്രീൻപ്ലേ: ഗണേശ, അഡീഷണൽ ഡയലോഗ്: മദൻ കാർക്കി, ഷാൻ കറുപ്പുസാമി, വസ്ത്രാലങ്കാരം: പൂർണിമ, ഡി.അരുൺ മോഹൻ, നൃത്തസംവിധാനം: ബൃന്ദ, ക്രുതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ: സുരൻ. ജി – എസ് അളഗിയക്കൂത്തൻ, വിഎഫ്എക്സ് സൂപ്പർവൈസർ: കെ.വി. സഞ്ജിത്, കളറിസ്റ്റ്: ആശിർവാദ് ഹഡ്കർ, ഹെയർ & മേക്കപ്പ്: സെറീന, എസ്. ഷൈദ് മാലിക്, സ്റ്റിൽസ്: സി.എച്ച്. ബാലു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ദേവ് രാംനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: എം.പി. സെന്തൽ, റിയ കൊങ്കര.