'എ' സര്‍ട്ടിഫിക്കറ്റിന് പകരം 'യു/എ' സര്‍ട്ടിഫിക്കറ്റ് വേണം; കൂലി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍

മൂന്ന് പതിറ്റാണ്ടിനിടയില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ രജനീകാന്ത് ചിത്രമാണ് കൂലി.
Coolie Poster
കൂലി പോസ്റ്റർSource : X
Published on

രജനീകാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിനിടയില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ രജനീകാന്ത് ചിത്രമാണ് കൂലി. മുതിര്‍ന്ന അഭിഭാഷകനും സണ്‍ പിക്‌ചേഴ്‌സ് പ്രതിനിധിയുമായ ജെ. രവീന്ദ്രന്‍ കോടതിയെ സമീപിക്കും. ജഡ്ജി ടിവി തമിഴ്‌സെല്‍വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഓഗസ്റ്റ് 20 ബുധനാഴ്ച്ച കേസ് പരിഗണിക്കും.

കൂലിയില്‍ തീര്‍ച്ചയായും വയലന്‍സ് രംഗങ്ങളുണ്ട് പക്ഷെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ എല്ലാവരും ചോദ്യം ചെയ്തിരുന്നു. കെജിഎഫ് ഫ്രൈഞ്ചൈസ് പോലുള്ള വയലന്‍സ് അധികമുള്ള സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Coolie Poster
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

ലോകേഷ് ചിത്രം കൂലി എ സര്‍ട്ടിഫിക്കറ്റ് അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് നിര്‍മാതാവ് എല്‍റെഡ് കുമാര്‍ എക്‌സില്‍ പ്രതികരണം അറിയിച്ചിരുന്നു. കൂടുതല്‍ വയലന്‍സുള്ള മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തമിഴ് സിനിമാ ലോകം ഇതിനെതിരെ രംഗത്തെത്തണമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം കൂലി ആഗോള ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ലോകേഷ് സംവിധാനം ചെയ്ത കൂലി കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്. രജനീകാന്തിന് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ആമിര്‍ ഖാന്‍ എന്നിവരും പ്രധാന റോളുകള്‍ ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com