

ന്യൂ ഡൽഹി: സണ്ണി ഡിയോൾ ചിത്രം 'ബോർഡർ 2' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിപ്പബ്ലിക് ദിനത്തിന് ശേഷം കളക്ഷനിലുണ്ടായ ഇടിവ് സിനിമയുടെ ആകെമൊത്തം കളക്ഷനെ ബാധിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ 300 കോടി രൂപയാണ് ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
ബോക്സ് ഓഫീസ് കളക്ഷൻ ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ 235.25 കോടി രൂപയാണ് 'ബോർഡർ 2' കളക്ട് ചെയ്തത്. റിലീസ് ആയി എട്ടാം ദിനം 11 കോടി രൂപയാണ് സിനിമ നേടിയത്. ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിലും സിനിമ കയറി.
ജനുവരി 23ന് ആണ് 'ബോർഡർ 2' റിലീസ് ആയത്. വമ്പൻ കളക്ഷനാണ് സിനിമ ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ധുരന്ധർ' ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് 'ബോർഡർ 2' മറികടന്നു. റിപ്പബ്ലിക് ദിനത്തിലും ചിത്രം വൻ കുതിപ്പാണ് നടത്തിയത്. റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി 'ബോർഡർ 2' മാറി. ഏകദേശം 56 - 59 കോടി രൂപയോളമാണ് റിപ്പബ്ലിക് ദിനത്തിൽ സിനിമ നേടിയത്. 70 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ 'പത്താൻ' ആണ് ഒന്നാമത്. ഹൃത്വിക് റോഷന്റെ 'ഫൈറ്റർ' (39.5 കോടി) എന്ന ചിത്രത്തിന്റെ റെക്കോർഡും 'ബോർഡർ 2' മറികടന്നു.
സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭൂഷൺ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഗദർ 2'ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി 'ബോർഡർ 2' മാറിക്കഴിഞ്ഞു.