
ഡിസി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ സൂപ്പര്‍മാന്‍ ചിത്രം ജൂലൈ 11നാണ് ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തിയത്. ജെയിംസ് ഗണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡേവിഡ് കോറന്‍സ്‌വെറ്റാണ് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
എന്നാല്‍ ഇന്ത്യയിലെ സൂപ്പര്‍മാന്‍ ആരാധകര്‍ അസ്വസ്ഥരാണ്. സിനിമയിലെ സെന്‍ഷ്വല്‍ സീനുകള്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ അല്ല ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
സിനിമയിലെ വൈകാരികവും തീവ്രവുമായി ഒരു സ്വീക്വന്‍സ് വെട്ടിച്ചുരുക്കിയതില്‍ ആരാധകര്‍ സമൂഹമാധ്യമത്തില്‍ സെന്‍സര്‍ ബോര്‍ഡിനോടുള്ള അതൃപ്തി അറിയിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, അഭിനേതാക്കളായ കോറന്‍സ്‌വെറ്റും റേച്ചല്‍ ബ്രോസ്‌നഹാനും തമ്മിലുള്ള 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു രംഗം ഏതാനും സെക്കന്‍ഡുകളിലേക്ക് ചുരുക്കി.
അതിന് പുറമെ പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുള്ള രണ്ട് ചുംബന രംഗങ്ങള്‍ ഒഴുവാക്കുകയും ശക്തമായ ഭാഷാ പ്രയോഗം മ്യൂട്ട് ചെയ്യുകയും ചെയ്തു. സൂപ്പര്‍മാനും ലോയിസും ചുംബിച്ചുകൊണ്ട് പറന്നുയരുന്ന നിര്‍ണായക രംഗവും ഇന്ത്യന്‍ പതിപ്പില്‍ നിന്ന് മാറ്റിയിട്ടുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ട് നിര്‍മാതാക്കള്‍ ഈ മാറ്റങ്ങള്‍ വരുത്താന്‍ സമ്മതിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആരാധകര്‍ സെന്‍സര്‍ ബോര്‍ഡിനെ സമൂഹമാധ്യമത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. സ്‌ക്രീനില്‍ ഒരു ചുംബന രംഗം കാണിക്കാനുള്ള പക്വത സെന്‍സര്‍ ബോര്‍ഡിനില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം ചിത്രം ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. ആദ്യ ദിനം തന്നെ ഇന്ത്യയില്‍ നിന്ന് ചിത്രം 7.25 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 2ഡി. 3ഡി, വേര്‍ഷനുകളില്‍ ഐമാക്‌സ് ഉള്‍പ്പടെയുള്ള സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.