കൊച്ചി: ഒരു ഇടവേളയ്‌ക്കു ശേഷം മുഴുനീള കോമഡി കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുന്ന ചിത്രമാണ് 'റൺ മാമാ റൺ'. നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശേരിയിലെ എസ്‌ഡി സ്കെയിപ്സ് സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.
നടൻ ഇന്ദ്രജിത്ത് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. നിതിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രജീഷ് മിഥില , കലാ സംവിധായകൻ ഷംജിത്ത് രവി, നിർമാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ, ബാലു വർഗീസ്, ഉണ്ണിരാജ എന്നിവർ ഭദ്രദീപം തെളിയിച്ചു.
കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടുകൂറ്റൻ സെറ്റിൽ ഇന്ദ്രൻസും ബോളിവുഡ് മോഡലും നടിയുമായ അഞ്ജലി സിംഗും അഭിനയിക്കുന്ന ഒരു ഗാനരംഗമാണ് ആദ്യം ചിത്രീകരിച്ചത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഗാന രംഗത്തിന്റെ ഷൂട്ട്.
ക്വീൻ ഐലൻഡ് എന്ന പാശ്ചാത്യ സംസ്കാരമുള്ള ഒരു ദ്വീപിൽ നിരവധി പ്രശ്നങ്ങളും, ചില്ലറ തരികിട പരിപാടികളുമായി ജീവിക്കുന്ന എഡിസൺ എന്ന യുവാവ്. തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന എഡിസന്റെ ജീവിതത്തിലേക്ക് ഗുരുതരമായ ചില പ്രശ്നങ്ങളുമായി എത്തുന്ന മരുമകൻ ഗബ്രി. പിന്നീട് അമ്മാവനും മരുമകനും ഒരുപോലെ പ്രശ്നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളുടെ അത്യന്തം രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്ര ആവിഷ്കരണമാണ് ഈ ചിത്രം.
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയിൽ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനു താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ മുഴുനീള കോമഡി വേഷത്തിൽ ചിത്രത്തിലെത്തുന്നത്. ഗബ്രിയെ അവതരിപ്പിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ബാലു വർഗീസ് ആണ്.സുരാജ് വെഞ്ഞാറമൂടും ബാലു വർഗീസും ചേർന്ന് നർമത്തിന്റെ തീപ്പൊരി പാറിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ബാബുരാജ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ഉണ്ണിരാജ, സുധീർ പറവൂർ, സാജൻ പള്ളുരുത്തി, ബോളിവുഡ് താരം പങ്കജ് ജാ എന്നിവർക്കൊപ്പം ജനാർദ്ദനനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്റ്റോറി ലാബ് മൂവീസിന്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും.
ഗാനങ്ങൾ - ഹരി നാരായണൻ ,സുഹൈൽ കോയ, സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - കിരൺ കിഷോർ, എഡിറ്റിങ് - വി. സാജൻ, കലാ സംവിധാനം - ഷംജിത്ത് രവി, കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും കൊൽക്കത്തയിലുമായി പൂർത്തിയാകും.